കല്യാണത്തിന് മുന്നേ ഗർഭിണി ആയതാണ് അവർക്ക് പ്രശ്നമായത്, അനുപമ

തിരുവനന്തപുരം: അച്ഛന്റെയും അമ്മയുടെയും സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ അനുമയുടെയും അജിത്തിന്റെയും കുട്ടിയെയാണ് ബന്ധുക്കൾ അമ്മയുടെയും അച്ഛന്റെയും സമ്മതമില്ലാതെ ദത്ത് നൽകിയത്. എന്നാൽ ഇതിനെതിരെ നീണ്ട നാളത്തെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് കുട്ടിയെ ഇവർക്ക് തിരിച്ച് ലഭിച്ചത്.

തിരിച്ച് കിട്ടിയ കുട്ടിയെ ഇവർ എയ്ഡൻ എന്ന് പേരിട്ടു. കുഞ്ഞിന്റെ വിശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മകന് വേണ്ടിയുള്ള പോരാട്ടത്തിനിടെ തങ്ങൾക്ക് അധികൃതരിൽ നിന്ന് നേരിടേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ചും അനുപമയും അജിത്തും മനസ് തുറക്കുകയാണ്. മകൻ സുഖമായിരിക്കുന്നെന്ന് വളരെ സ്വീറ്റാണെന്നുമാണ് അനുപമ കുട്ടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത്.

കുഞ്ഞ് വളരെ സന്തോഷവാനാണ്. ഭയങ്കര സ്വീറ്റാണ്, ചട്ടമ്പിയാണ്. ഭയങ്കര ദേഷ്യക്കാരനൊക്കെയാണ് എന്നാണ് മകൻ സുഖമായിരിക്കുന്നോ എന്ന ചോദ്യത്തിന് അനുപമ മറുപടി നൽകിയത്. നിങ്ങളുടെയൊക്കെ പോരാട്ടവീര്യം അവനും ഉണ്ടാകുമല്ലോ എന്ന് അവതാരകൻ പറഞ്ഞപ്പോൾ അതൊക്കെയുണ്ടെന്നും അനുപമ ചെറുചിരിയോടെ പറയുന്നു. സന്തോഷമായിട്ട് മുന്നോട്ട് പോകുന്നുണ്ടെന്നും അവർ വ്യക്തമാക്കി. മകനെ സ്വന്തമാക്കാൻ പോരാടിയപ്പോൾ കൂടെ നിന്നവരൊക്കെ ഇപ്പോഴും തങ്ങളുടെ കൂടെയുണ്ട്. അന്ന് കൂടെയുണ്ടായിരുന്നവരൊക്കെ ഇപ്പോഴും കൂടെയുണ്ട്. കോൺടാക്ട് ഉണ്ട്, കാണാറുണ്ട്. നല്ല സപ്പോർട്ടാണ്. ഒരു കുടുംബം പോലെ തന്നെയാണ്. അമ്മയുടെ സ്നേഹം തരുന്ന ഒരുപാട് പേരുണ്ട്. ആ ബന്ധം അങ്ങനെ തന്നെ തുടരുന്നുണ്ട്.

അതേസമയം തൻറെ വീട്ടുകാർ ഇപ്പോഴും പോസറ്റീവായി പ്രതികരിച്ചിട്ടില്ല. ജാതിയുടെ പ്രശ്നവും സദാചാര പ്രശ്നവുമെല്ലാം ഉണ്ട്. കല്യാണത്തിന് മുന്നേ ഗർഭിണി ആയി എന്നത് അഭിമാനത്തിൻറെ പ്രശ്നം ആയതുകൊണ്ട് അവർക്ക് അതും പ്രശ്നമാണ്. അവരുടെ മനസിൽ ഇത് അജി ചേട്ടൻറെ മാത്രം കുഞ്ഞായിരുന്നു. എൻറെ കൂടെ കുഞ്ഞാണെന്ന് അവർ ചിന്തിച്ചില്ല. അതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

ജാതി പ്രശ്നവും ദുരഭിമാനവും വീട്ടുകാർക്ക് പ്രശ്നമായിരുന്നു. രണ്ടും ഒരു പോലെ തന്നെ അവരെ ബാധിച്ചിരുന്നു. അച്ഛൻറെ കുടുംബം കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ അറിയപ്പെടുന്ന കുടുംബമാണ്. അപ്പോൾ മകൾ ഗർഭിണിയാകുന്നു. കുഞ്ഞുണ്ടാകുന്നു. അതൊന്നും അവർക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. എന്നാൽ എന്നെ വേണ്ടാ എന്ന് വെക്കുന്നതാണ് സാധാരണ കാണുന്ന രീതി. പക്ഷേ, ഇതിപ്പോ കുഞ്ഞിനെ മാറ്റി എൻറെ മനസ് മാറ്റുക എന്ന ചിന്തയാണ് അവർക്ക് ഉണ്ടായത്. അവർ അങ്ങനെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക.

പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം സ്വന്തം കുഞ്ഞാണ്, അങ്ങനെ വിട്ടുകളയാൻ പറ്റില്ല ഒരിക്കലും. എൻറെ കാര്യം മാത്രം ആലോചിച്ച് കുഞ്ഞിനെ വിട്ടുകളയുക. എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണത്. അവർക്ക് വേണ്ടിയിരുന്നത് അതാണ്. കുറച്ച് കഴിയുമ്പോൾ ഞാൻ മറക്കും എന്നാണ് അവർ കരുതിയത്. ആ രീതിയിലാണ് അവർ പോയത്. അതാണ് പ്രതിവിധി എന്നാണ് അവർ കരുതിയത്. അതാണ് തെറ്റ്. പക്ഷേ എനിക്ക് അതിന് കഴിയില്ലായിരുന്നു.

വീട്ടുകാർ എന്നെ ഒത്തിരി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. കുഞ്ഞ് സേഫാണ്, മാറ്റിനിർത്തിയിരിക്കുകയാണ്. അങ്ങനെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഞാൻ അതെല്ലാം വിശ്വസിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ ഒരു ഘട്ടം എത്തിയപ്പോൾ ഇവർ പറ്റിക്കുകയാണെന്ന് എനിക്ക് മനസിലായി ഇനിയും ഇത് വിശ്വസിച്ച് നിന്നാൽ കുഞ്ഞിനെക്കിട്ടില്ലെന്ന് മനസിലായി. അങ്ങനെയാണ് വീട്ടിൽ നിന്ന് ഇറങ്ങിവരുന്നത്. അന്ന് കുടുംബത്തിൽ ഒരാൾ പോലും പേടിക്കണ്ട കുഞ്ഞിനെക്കിട്ടും എന്ന രീതിയിൽ പോസിറ്റീവായി ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഇങ്ങനെ വിശ്വസിച്ചിരുന്നാൽ കുഞ്ഞ് അനാഥനായിപ്പോകും എന്ന് മനസിലായി അപ്പോഴാണ് പോരാട്ടത്തിനിറങ്ങിയത്. പിന്നെ പരാതികളുമായി മുന്നോട്ട് പോയി.

പിന്നെ മനസിൽ ഒരു തീരുമാനം ഉണ്ടായിരുന്നു. ഏതറ്റം വരെ പോയാലും കുഞ്ഞ് ഉണ്ടെങ്കിലേ ജീവിക്കുന്നുള്ളൂ. അവനില്ലെങ്കിൽ ജീവിക്കേണ്ട എന്ന തീരുമാനം തന്നെയായിരുന്നു. ശിശുക്ഷേമ സമിതിയിൽ ചെല്ലുമ്പോൾ നിങ്ങൾക്ക് വേറെ കുഞ്ഞുണ്ടാകുമല്ലോ, കുഞ്ഞിനെ കിട്ടുമല്ലോ, ഈ കുഞ്ഞിനെ ഇനി എന്തായാലും കിട്ടില്ല. ദത്ത് പോയി. ഇത് വേണ്ടാന്ന് വെച്ചൂടെ എന്ന് ചോദിച്ചപ്പോഴും എവിടെവരെ പോയാലും അവനെ ഞങ്ങൾക്ക് വേണം എന്നാണ് പറഞ്ഞത്. ആ ഒരു തീരുമാനത്തിലാണ് ഈ പറഞ്ഞ ധൈര്യവും കരുത്തുമെല്ലാം വരുന്നത്. കുഞ്ഞിൻറെ മുഖം മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളൂ.