മോനേ വാരിപുണർന്നു,സന്തോഷത്തിൽ കരഞ്ഞ് അനുപമ, നോക്കി നിന്നവർ തേങ്ങി കരഞ്ഞു

അനുപമക്കിത് അസുലഭ നിമിഷം.ആനന്ദത്തിൽ ആറാടി അനുപമ.3 ദിവസം പ്രായമായ കുഞ്ഞിൽ നിന്നും 1 വർഷം പ്രായമായ മോനിലേക്ക് മാറിയപ്പോൾ അനുപമക്ക് പറയാൻ വാക്കില്ല. ഒരമ്മയുടെ ചങ്കിൽ നിന്നാണ്‌ ഭരിക്കുന്ന പാർട്ടി സി പി എമ്മിന്റെ നേതാവ് കുടുംബ മാനവും ദുരഭിമാനവും കാക്കാൻ സ്വന്തം ചോരയേ വലിച്ചെറിഞ്ഞത്. എല്ലാത്തിനും കാലം കുറ്റവാളുകളുടെ ചെവിടിൽ അടിച്ചു. ഇനി അനുപമ മകനൊപ്പം ഉറങ്ങും. അനുപമയുടെ പിതാവ് ജയിലിൽ ഉറങ്ങും

15 ദിവസത്തെ സമരത്തിനുശേഷം, ഒരു വർഷത്തിനിടെ തന്റെ പൊന്നോമനയെ ആദ്യമായി നേരിൽ കണ്ട് അനുപമ, കുഞ്ഞിനെ വാരിപ്പുണർന്ന അനുപമക്ക് കരച്ചിലടക്കാനായില്ല. കണ്ടുനിന്നവർ അനുപമയെ ആശ്വസിപ്പിച്ചു. ഡിഎൻഎ പരിശോധനാഫലം പോസിറ്റീവായതോടെയാണ് കുഞ്ഞിനെ നേരിൽ കാണാൻ അനപമക്ക് അനുമതി ലഭിച്ചത്. കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. ശിശുഭവനിലെത്തിയ അനുപമയും ഭർത്താവ് അജിത്തും കുഞ്ഞിനെ കണ്ട് തിരികെ മടങ്ങി.

ഞങ്ങൾ കാണുമ്പോൾ കുഞ്ഞ് ഉറങ്ങാൻ പോവുകയായിരുന്നു. കണ്ട ശേഷം പുറത്തിറങ്ങിയപ്പോഴേക്കും അവൻ ഉറങ്ങി. കുഞ്ഞിനെ ശിശുഭവൻ അധികൃതർ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. അവനെ കൈയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ എത്രയും വേഗം കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ തിരികെ നൽകണമെന്നാണ് അഭ്യർഥനയെന്നും അനുപമ പറഞ്ഞു.

സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു നേതാവുമായിരുന്ന പേരൂർക്കട സദാശിവന്റെ കൊച്ചുമകളാണ് അനുപമ. അച്ഛൻ പി.എസ്.ജയചന്ദ്രൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് അനുപമ പരാതി നൽകി 6 മാസത്തിനു ശേഷമാണു മാതാപിതാക്കൾ ഉൾപ്പെടെ 6 പേർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തത്. അനുപമയുടെ പരാതിയും കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്നുള്ള പൊലീസ് വീഴ്ചയും വിവാദമായതിനു പിന്നാലെ വനിതാ കമ്മിഷനും കേസെടുത്തു. അനുപമയ്ക്കും ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറി അജിത്തിനും കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് ആൺകുഞ്ഞ് ജനിച്ചത്.

അജിത് വേറെ വിവാഹിതനായിരുന്നതിനാൽ ഈ ബന്ധത്തെ അനുപമയുടെ കുടുംബം എതിർത്തിരുന്നു. ഗർഭഛിദ്രത്തിനു നിർബന്ധിക്കുകയും ചെയ്തു. എന്നാൽ അനുപമ വഴങ്ങിയില്ല. പ്രസവശേഷം 2020 ഒക്ടോബർ 22ന് വീട്ടിലേക്കു മടങ്ങുമ്പോൾ വഴിയിൽവച്ചു കുഞ്ഞിനെ തട്ടിയെടുക്കുകയും തന്നെ മറ്റൊരിടത്തു വീട്ടുതടങ്കലിലാക്കുകയും ചെയ്തെന്നാണ് അനുപമയുടെ പരാതി. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്കു കൈമാറി. സമിതി ആന്ധ്രയിലുള്ള ദമ്പതികൾക്കു താൽക്കാലികമായി ദത്തു കൊടുത്തു. സ്ഥിരമായി ദത്തു നൽകുന്നതിനുള്ള നടപടി കോടതിയിൽ പുരോഗമിക്കവേയാണ് അനുപമ രംഗത്തെത്തിയത്.

ആന്ധ്രയിലെ അധ്യാപക ദമ്പതികളാണ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയായിരുന്നു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുക്കൽ. നാലു വർഷം മു‍ൻപ് ഓൺലൈൻ വഴിയാണു കുഞ്ഞിനായി അപേക്ഷ നൽകിയത്. തിരുവനന്തപുരത്തു ശിശുക്ഷേമ സമിതിയുടെ സ്ഥാപനത്തിൽ കുഞ്ഞുണ്ടെ‍ന്ന് അറിഞ്ഞ‍ാണ് എത്തിയത്. കേരളത്തിലെ സംഭവങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞെങ്കിലും ആശങ്കയില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം

നിലവിൽ 30നാണ് കേസ് പരിഗണിക്കാൻ ഇരിക്കുന്നത്. എന്നാൽ സിഡബ്ല്യൂസി അധികൃതർ കോടതി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. 28ന് തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് സമർപ്പിക്കുമെന്ന് അറിയിച്ചതായും അനുപമ വ്യക്തമാക്കി.പിറന്ന് മൂന്നാം ദിവസം കുഞ്ഞിനെ നഷ്ടമായ അനുപമ ഒരു വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ഞിനെ കണ്ടത്. ഉച്ചയ്‌ക്ക് ശേഷമായിരുന്നു ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതും കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞതും. പരിശോധനയിൽ അട്ടിമറി സാദ്ധ്യതയുണ്ടെന്ന് നേരത്തെ അനുപമ പറഞ്ഞിരുന്നു. എന്നാൽ ഫലം വന്നതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. തുടർന്ന് കുഞ്ഞിനെ കാണാൻ എത്തിയതോടെ ഏറെ വികാര നിർഭരമായ നിമിഷങ്ങൾക്കായിരുന്നു ശിശുഭവൻ സാക്ഷിയായത്.