ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ പ്രാർത്ഥനയും നിവേദനവും, ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ ആളുകൾ പ്രാർത്ഥന നടത്തുകയും നിവേദനം വയ്ക്കുകയും ചെയ്ത സംഭവത്തിൽ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു. വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തിയുളള പ്രാര്‍ഥനകളും,മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുകയാണ് പുതുപ്പളളി പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

കുടുംബം ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കാനില്ലെന്ന നിലപാടിലാണ് കുടുംബം.