ഗര്‍ഭത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന സഭയുടെ പോക്ക് എങ്ങോട്ട്

(സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ വെളിപ്പെടുത്തലുകളെ ആസ്പദമാക്കി എഴുതിയത്)
ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ എഴുതിയ ‘കര്‍ത്താവിന്റ നാമത്തില്‍’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതു വായിച്ച് കേരളത്തിലെ ക്രിസ്തീയവിശ്വാസികളും ജനങ്ങളും ഞെട്ടിയിരിക്കുകയാണ്. പള്ളിമന്ദിരങ്ങളിലും കുമ്പസാരക്കൂടുകളിലും വെച്ച് ക്രിസ്തീയവിശ്വാസികളും കന്യാസ്ത്രീകളും പുരോഹിതരുടെ ലൈംഗികചൂഷണത്തിന് ഇരയാകുമ്പോള്‍ നമ്മുടെ നാടിന്റെ സംസ്‌കാരത്തിനും സദാചാരബോധത്തിനുംമേല്‍ അതേല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണെന്ന് ആ പുസ്തത്തില്‍ ഉള്‍പ്പെടുന്ന വെളിപ്പെടുത്തലുകള്‍ വിളിച്ചോതുന്നു. അതില്‍ വിവരിക്കുന്ന സംഭവങ്ങളിലെ കഥാപാത്രങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വളര്‍ച്ച നേടാത്ത വിശ്വാസികളോ സാധാരണമനുഷ്യരോ ആയിരുന്നെങ്കില്‍ ആരും ഞെട്ടുമായിരുന്നില്ല.

സന്യാസജീവിതം സ്വീകരിക്കാന്‍ പ്രതിജ്ഞയെടുത്ത് ഒരുക്കത്തോടെ കന്യാസ്ത്രീമഠങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ നീചമായ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നു എന്നു വായിക്കുമ്പോള്‍ മനുഷ്യമനസ്സാക്ഷിയുള്ള ആരും ഞെട്ടിയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. അത് വെളിപ്പെടുത്തുന്നതോ, ഇരകളോടൊപ്പം ജീവിക്കുന്ന കന്യാസ്ത്രീയും. ഒരു സീനിയര്‍ കന്യാസ്ത്രീതന്നെ കന്യാസ്ത്രീമഠങ്ങളിലെയും സഭാഅകത്തളങ്ങളിലെയും കറത്തിരുണ്ട ചെയ്തികള്‍ വിളിച്ചുപറയുമ്പോള്‍ അവ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം ഒരു സ്ത്രീയും തങ്ങള്‍ക്ക് അപമാനം ഉണ്ടാക്കുന്ന വിവരങ്ങള്‍ വെറുതെ വിളിച്ചുപറയുകയില്ല. പ്രത്യേകിച്ച് ഒരു കന്യാസ്ത്രീ തന്റെ സഭക്ക് നാണക്കേടുണ്ടാക്കുന്ന വിധത്തില്‍ അസത്യങ്ങള്‍ വെളിപ്പെടുത്താന്‍ ഒരിക്കലും ധൈര്യപ്പെടില്ല.

കന്യാസ്ത്രീയാകാന്‍ മഠങ്ങളിലെത്തുന്ന സഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകള്‍ സ്വവര്‍ഗ്ഗഭോഗത്തിന് ഉപയോഗിക്കുന്നു, കൗണ്‍സിലിങിനായി തങ്ങളുടെ അടുത്തെത്തുന്ന സ്ത്രീകളുമായി വൈദികരായ കൗണ്‍സലിങ് വിദഗ്ദ്ധര്‍ പീഡനത്തിന് ശ്രമിക്കുന്നു, (ഒട്ടുമിക്ക ക്രിസ്തീയസഭകളും വിവാഹത്തിനു മുമ്പുള്ള കൗണ്‍സിലിങ്, കുടുംബ കൗണ്‍സിലിങ്, വിധവാ കൗണ്‍സിലിങ് തുടങ്ങിയ പേരുകളില്‍ ഇപ്പോള്‍ ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ട് ), പരിചയപ്പെടുന്ന വീട്ടമ്മമാരുമായും യുവതികളുമായും വൈദികര്‍ മണിക്കൂറുകളോളം ഫോണിലൂടെ സല്ലപിക്കുന്നു, ചില പുരോഹിതര്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് കന്യാസ്ത്രീകളുമായിപതിവായി ലൈംഗികബന്ധം പുലര്‍ത്തുന്നു, പാഠഭാഗങ്ങളിലെ സംശയങ്ങള്‍ മാറ്റാന്‍ തന്റെ അടുത്തു വന്ന ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയെ അടുത്തദിവസം അധ്യാപകപുരോഹിതന്‍ ഫോണില്‍ വിളിച്ച് കാമപരവശനായി അശ്ലീലം നിറഞ്ഞ സംഭാഷണം നടത്തുന്നു, തന്റെ മുന്നില്‍ കുമ്പസാരിക്കുന്ന കന്യാസ്ത്രീകളോട് പുരോഹിതന്മാര്‍
കാമവെറിയോടെ ഇടപെടുന്നു, ചില മഠങ്ങളില്‍ ജൂനിയര്‍ കന്യാസ്ത്രീകളെ പള്ളിമേടയിലുള്ള കാമഭ്രാന്തന്മാരായ വൈദികരുടെ അടുക്കലേക്ക് നഗ്‌നവൈകൃതകേളികള്‍ ആടുന്നതിനായി തള്ളിവിടുന്നു, വൈദികസെമിനാരിയില്‍ പഠിക്കുന്ന ആണ്‍കുട്ടികളെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടുവരെ മാനസികരോഗത്തിലേക്കു നയിക്കുന്ന സ്വവര്‍ഗ്ഗരതിക്ക് വിധേയരാക്കുന്നു തുടങ്ങിയവയാണ് അനുവാചകരില്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന സിസ്റ്റര്‍ ലൂസിയുടെ ചില വെളിപ്പെടുത്തലുകള്‍. വൈദികരില്‍ നിന്നു ഗര്‍ഭിണിയാകുന്ന കന്യാസ്ത്രീകളും അവരില്‍ പ്രസവിക്കുന്നവരും മഠങ്ങളില്‍ ഉണ്ടെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു.
എങ്കിലും സഭ എപ്പോഴും സംരക്ഷിക്കുന്നത് ഗര്‍ഭത്തിനുത്തരവാദികളായ വൈദികരെയാണ്. കൊട്ടിയൂരില്‍ 16 കാരിയെ പള്ളിമേടയില്‍ വെച്ച് പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന വൈദികന്‍ നിരവധി കന്യാസ്ത്രീകളേ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്നും സഭ എപ്പോഴും അയാളെ സംരക്ഷിച്ചിരുന്നു എന്നും സിസ്റ്റര്‍ ലൂസി തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

തന്റെ നേരെയും പീഡനശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ലൂസി അതില്‍ പറയുന്നുണ്ട്. യൂറോപ്പിലെ ക്രിസ്ത്യന്‍സഭകളില്‍ മുന്‍കാലങ്ങളില്‍ നടമാടിയ ലൈംഗികഅരാജകത്വത്തെപ്പോലും വെല്ലുന്ന രതിവൈകൃതങ്ങളാണ് പള്ളിമേടകളിലും മഠങ്ങളിലും സെമിനാരികളിലും അരങ്ങേറുന്നത് എന്ന സത്യം വിശ്വാസികളെ മാത്രമല്ല, നല്ലവരായ വൈദികരെയും കന്യാസ്ത്രീകളെയും വിഷമത്തില്‍ ആക്കിയിരിക്കുകയാണ്

ലൈംഗികത എന്നത് മനുഷ്യശരീരത്തിന്റെ ആവശ്യമാണ്. അത് ജന്മനായുള്ള അവരുടെ സ്വാഭാവികസ്വഭാവത്തില്‍ പെട്ടതുമാണ്. എന്നാല്‍ അതടക്കി സ്വയം നിയന്ത്രിച്ചുകൊണ്ട് സന്യാസജീവിതം സ്വീകരിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും ബിഷപ്പുമാരും അത് പാലിക്കാന്‍ കടപ്പെട്ടവരും ആത്മീയ ഉടമ്പടിയില്‍ ഏര്‍പ്പെട്ടരുമാണ്. അതിനാല്‍ അതു തെറ്റിക്കുന്ന കന്യാസ്ത്രീകളും അവരെ പ്രലോഭിപ്പിച്ചു പിഴപ്പിക്കുന്ന കത്തനാര്‍മാരും ബിഷപ്പുമാരും എന്തു സമാധാനം ആണ് ക്രിസ്തീയവിശ്വാസികളുടെ മുമ്പില്‍ പറയുക എന്നറിയില്ല. തങ്ങളില്‍ വിശുദ്ധി ദര്‍ശിക്കേണ്ട സമൂഹത്തോട് എന്ത് ന്യായീകരണം പറഞ്ഞാലും വിലപ്പോവുകയില്ല.

ക്രിസ്തീയസഭകളില്‍ മാത്രമല്ല, ഏതു പ്രസ്ഥാനത്തിന്റെ അകത്തളങ്ങളിലും അരങ്ങേറുന്ന കാര്യങ്ങള്‍ അവിടെയുള്ളവര്‍തന്നെ വിളിച്ചുപറഞ്ഞെങ്കിലേ പുറംലോകം അറിയുകയുള്ളൂ. ഇവിടെ ഒരു സിസ്റ്റര്‍ അതു വിളിച്ചുപറഞ്ഞുവെങ്കില്‍ എത്രമാത്രം മനം നൊന്താകും അവര്‍ അതു ചെയ്തത് എന്നുകൂടി ചിന്തിക്കണം. ‘ശരീരത്തിന്റെ ലൈംഗികതൃഷ്ണയെ അടക്കാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങള്‍ വിവാഹിതരാകൂ’ എന്നാണ് പുതിയനിയമലേഖനങ്ങളില്‍ സഭാംഗങ്ങള്‍ക്കുള്ളഉപദേശമായി പൗലോസ് അപ്പോസ്‌തോലന്‍ എഴുതിയിരിക്കുന്നത്. തങ്ങള്‍ വ്യഭിചാരികളായി മുദ്ര കുത്തപ്പെടുമോ എന്ന ആശങ്കയാല്‍ മഠത്തിനുള്ളില്‍ നടക്കുന്ന നികൃഷ്ടവും പൊള്ളുന്നതുമായ സംഭവങ്ങള്‍ വിളിച്ചുപറയാന്‍ സിസ്റ്റര്‍ ലൂസിയെപ്പോലെയോ കന്യാസ്ത്രീവസ്ത്രം ഉപേക്ഷിച്ച് ആമേന്‍ എന്ന ആത്മകഥ എഴുതിയ പ്രൊഫസ്സര്‍ സിസ്റ്റര്‍ ജെസ്മിയെപ്പോലെയോ അധികമാരും ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.

സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തിന്റെ കേസന്വേഷണം, 2008 അവസാനം ആലപ്പുഴയിലുള്ള 37 കാരിയായ സിസ്റ്റര്‍ ഉള്‍പ്പെട്ട ലൈംഗികവേഴ്ചയുടെ വീഡിയോകാഴ്ചകള്‍, 2008 ആഗസ്റ്റില്‍ കൊല്ലം ജില്ലയിലെ സിസ്റ്റര്‍ അനുപമാ മേരി കോണ്‍വെന്റിലെ സ്വന്തം റൂമില്‍ തൂങ്ങിമരിച്ചത് (അവരുടെ മുറിയില്‍ നിന്ന് കിട്ടിയ നോട്ടില്‍ മരണത്തിന് ഉത്തരവാദി തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന കോണ്‍വെന്റിലെ മദര്‍ സുപ്പിരിയര്‍ ആണെന്ന് പറഞ്ഞിരുന്നു), കോട്ടയത്തെ ഒരു കോണ്‍വെന്റ് റൂമില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കാണപ്പെട്ട സിസ്റ്റര്‍ ലിസ (അവരുടെ മരണക്കുറിപ്പില്‍ മരണകാരണമായി എഴുതിയിരുന്നത്, ജീവിതത്തില്‍ ഉണ്ടായ നിരാശ ‘ എന്നായിരുന്നു) തുടങ്ങിയ സംഭവങ്ങള്‍ ആയിരുന്നു, സിസ്റ്റര്‍ ജെസ്മി ആത്മകഥ എഴുതുന്ന കാലഘട്ടത്തില്‍ നടന്നത്.

സിസ്റ്റര്‍ ലൂസി എഴുതിയ സംഭവങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായത് അതില്‍ പെട്ടുപോയ കന്യാസ്ത്രീകളും പെണ്‍കുട്ടികളും അല്ല കുറ്റക്കാര്‍ എന്നാണ്. അവര്‍ തങ്ങളെ ലൈംഗികമായി പ്രലോഭിപ്പിച്ചപ്പോള്‍ വീണുപോയ ഇരകള്‍ മാത്രമാണ്. അതിനാല്‍ കുറ്റക്കാര്‍ പ്രലോഭിപ്പിക്കുന്ന വേട്ടക്കാര്‍തന്നെയാണ് ഇവിടെയും.ശരീരതൃഷ്ണയെ നിയന്ത്രിച്ചടക്കി ജീവിക്കുന്ന സ്ത്രീകളെ പ്രലോഭിപ്പിക്കാന്‍ എളുപ്പമാണ്. അതും തങ്ങളുടെ മേലെ അധികാരമുള്ള പുരോഹിത ബിഷപ്പ് വര്‍ഗ്ഗത്തിന്. കന്യാസ്ത്രീകളുടെമേല്‍ അധികാരമുള്ളവര്‍ എന്ന ധാര്‍ഷ്ട്യത്തിലാണ് പുരോഹിതരും ബിഷോപ്പുമാരും മഠങ്ങളില്‍ വിഹരിക്കുന്നത്. അവര്‍ക്ക് ഒരിക്കലെങ്കിലും വഴങ്ങിയ ഒരു മുതിര്‍ന്ന സിസ്റ്റര്‍ ആ മഠത്തില്‍ ഉണ്ടെങ്കില്‍ അവിടെയുള്ള സകല സന്യാസിനിമാരും കന്യാസ്ത്രീകളും അവരുടെ ഇരകള്‍ ആയെന്നിരിക്കും. സ്വന്തക്കാരില്‍ നിന്നകന്ന് സഭമാത്രം ആശ്രയമായുള്ള കന്യാസ്ത്രീകള്‍ക്കും സന്യാസം സ്വീകരിച്ചുകൊണ്ടെത്തിയ പെണ്‍കുട്ടികള്‍ക്കും ആ പുരോഹിത-സിസ്റ്റര്‍ അവിശുദ്ധകൂട്ടുകെട്ടിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുക തികച്ചും ദുഷ്‌കരമായിരിക്കും. അഥവാ രക്ഷപ്പെട്ടാലും പിന്നീടുള്ള കാലംമുഴുവന്‍, ആജീവനാന്തംതന്നെ,അവര്‍ കന്യാസ്ത്രീമഠത്തില്‍ മാനസികമായും ശാരീരകമായും പീഡിപ്പിക്കപ്പെടുമെന്ന് നിസംശയം പറയാവുന്നതാണ്. ഇപ്പോള്‍ സിസ്റ്റര്‍ ലൂസി അനുഭവിക്കുന്ന പ്രശ്‌നങ്ങളും പീഡകളും മഠത്തില്‍നിന്നുള്ള പുറത്താക്കല്‍ ഭീഷണിയും സഭയില്‍നിന്നും തന്റെ സമുദായത്തില്‍ നിന്നുമുള്ള ഒറ്റപ്പെടലും ഒക്കെ കാണുമ്പോള്‍ അത് തീര്‍ച്ചപ്പെടുത്താവുന്നതേയുള്ളൂ.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സഭയിലെ അധികാരപ്പെട്ടവര്‍ ഒരിക്കലും തെറ്റ് തിരുത്താനല്ല ശ്രമിച്ചിട്ടള്ളത്, മറിച്ച് തെറ്റിനെ ന്യായീകരിച്ചുകൊണ്ട് സ്വയം അപഹാസ്യരാകുകയാണ് ചെയ്യാറ് പതിവ്. അങ്ങനെ തങ്ങളുടെ വിഷം ചീറ്റുന്ന ആയുധങ്ങള്‍ അവര്‍ ശക്തിപ്പെടുത്തുന്നതു കാണുമ്പോള്‍ ക്രിസ്തീയസഭ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് അവിടെ തെളിഞ്ഞുവരുന്നത്. ഇന്ന് ലോകമകെ ക്രിസ്തീയസഭകളെ പ്രതിസന്ധിയില്‍ ആക്കുന്ന ധാരാളം ലൈംഗികഅതിക്രമങ്ങള്‍ പല രാജ്യങ്ങളിലെ ക്രിസ്തീയസഭകളിലും അരങ്ങേറുന്നുണ്ട്. കത്തനാര്‍മാരും ബിഷപ്പുമാരും മാത്രമല്ല, കര്‍ദിനാള്‍വരെ ലൈംഗികഅരാജകത്വത്തിന്റെ പേരില്‍ തങ്ങളുടെ സഭയില്‍നിന്നു ശിക്ഷാനടപടി ഏറ്റുവാങ്ങിയിട്ടുണ്ട്.

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വൈദികരാകാന്‍ ചേരുന്ന യുവാക്കളെയും ആണ്‍കുട്ടികളെയും ആണ് പുരോഹിത ബിഷപ്പ് വര്‍ഗ്ഗം ലൈംഗികാവശ്യത്തിന് ഇരയാക്കിയിട്ടുള്ളതായി ലോകം അറിഞ്ഞിട്ടുള്ളത്. ഇപ്പോള്‍ കന്യാസ്ത്രീകളെയും തങ്ങളുടെ ലൈംഗിക ഉപകരണങ്ങള്‍ ആക്കി അവര്‍ അന്യോന്യം കാഴ്ചവെയ്ക്കുന്ന നികൃഷ്ടകര്‍മ്മം കണ്ട് ലോകം അമ്പരക്കുന്നു.സീനിയര്‍ കന്യാസ്ത്രീ ജൂനിയര്‍ കന്യാസ്ത്രീകളെയും അവിടെ സന്യാസം സ്വീകരിച്ചെത്തുന്ന പെണ്‍കുട്ടികളെയും സ്വവര്‍ഗ്ഗഭോഗത്തിന് ഉപയോഗിക്കുന്നതറിഞ്ഞ് നമ്മുടെ സമൂഹം കണ്ണുകള്‍ മിഴിക്കുന്നു.എന്നിട്ടും അത് കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ല. നമ്മുടെ കൊച്ചുകേരളത്തിലെ കാഴ്ച കൂടുതല്‍ വഷളത്തം നിറഞ്ഞതായി മാറി. സഭകളുടെ ഉള്ളറകളില്‍ നടക്കുന്ന അഴിഞ്ഞാട്ടവും ദുര്‍വൃത്തിയും ജനങ്ങളില്‍ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു. ക്രിസ്തീയസഭകളിലെ വൈദികരും മെത്രാന്‍ ബിഷപ്പുമാരും ദൈവത്തിലും യേശുക്രിസ്തുവിലും ദൈവവചനങ്ങളിലും വിശ്വാസമില്ലാത്തവരായി മാറിയതുകൊണ്ടുകൂടിയാണ് ഇങ്ങനെയൊക്കെ നടക്കുന്നത്.

ഒരു പ്രമുഖ ടി വി ചാനലില്‍ ബൈബിള്‍ പഠിപ്പിച്ചിരുന്ന ഒരു വൈദികന്‍ അവിടെ പറയുന്നതുകേട്ടിട്ടുണ്ട്, ബൈബിളിലെ ആദ്യ അഞ്ചുപുസ്തകങ്ങള്‍ വിശ്വസനീയമല്ലെന്ന്. അവയില്‍ ഒന്നാമത്തെ പുസ്തകമായ ഉല്പത്തിയില്‍ വിവരിച്ചിരിക്കുന്നത് വെറും കെട്ടുകഥകള്‍ മാത്രമാണെന്നും. ഇന്ന് അദ്ദേഹം ആ സഭയിലെ ഒരു പ്രമുഖ ബിഷപ്പ് ആണ്. പല ടി വി ചര്‍ച്ചകളിലും ഇപ്പോഴും വന്നിരുന്ന് വിശ്വാസികളുടെ ബൈബിള്‍പരമായ സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്കാറുമുണ്ട്. അവരൊക്കെ സഭകളെ ഭരിച്ചുനശിപ്പിച്ചതിന്റെ പരിണിതഫലങ്ങളാണ് ഇപ്പോള്‍ വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്.
ഇനിയും വരാനുള്ളത് ഇപ്പോള്‍ കേട്ടതിലും ഭീകരവും ഭയാനകവും നീചവും ആയിരിക്കും. ക്രിസ്തീയഇടയവേഷം ധരിച്ച ചെന്നായ്ക്കള്‍ ആയ അവര്‍ വന്നിരിക്കുന്നത്, യേശു തന്റെ സുവിശേഷജീവിതകാലത്ത് ശിഷ്യന്മാരോടു പറഞ്ഞതിനുതന്നെയാണ്. ‘കള്ളന്‍ വരുന്നത് കൊല്ലാനും മോഷ്ടിക്കാനും നശിപ്പിക്കാനുമാണ് ‘ എന്ന്. അവര്‍ക്കു വേണ്ടത് ആടുകളുടെ മാംസവും രക്തവും ആണ്.

എന്തു ചെയ്യാം?അത്തരക്കാരുടെ കൈകളില്‍ ആയിപ്പോയി ഇന്ന് ക്രിസ്തീയസഭകളുടെ അധികാരം. അവിടെയുള്ള ആട്ടിന്‍കൂട്ടത്തെ ഊറ്റിക്കുടിച്ചു നശിപ്പിച്ചിട്ടെ ഇനിയും അവര്‍ പോകുകയുള്ളൂ. ഇന്ന് ക്രിസ്തീയസഭാമേലാളന്മാര്‍ക്കു വേണ്ടത് ധനവും ജീവനുള്ള ലൈംഗികഉപകരണങ്ങളും ആണ്. ഒട്ടും അധ്വാനിക്കാതെ രണ്ടും ഇപ്പോള്‍ അവര്‍ക്ക് സഭയില്‍നിന്നുതന്നെ സുലഭമായി കിട്ടുന്നുമുണ്ട്.
അവ കൊടുക്കാന്‍ വിധിക്കപ്പെട്ട അജ്ഞരായ വിശ്വാസികളുടെ സമൂഹം അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ദൈവത്തെയെന്നല്ല, ആരെയും ഭയപ്പെടേണ്ട കാര്യമില്ല എന്നവര്‍ കരുതുകയും ചെയ്യുന്നു.
ബൈബിള്‍ പുതിയനിയമലേഖനങ്ങളില്‍ പറയുന്നുണ്ട്, യേശുവിന്റെ സുവിശേഷം വിട്ടിട്ട് മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രഘോഷിക്കുന്ന ശപിക്കപ്പെട്ടവര്‍ ക്രിസ്തീയസഭകളില്‍ നുഴഞ്ഞുകയറുമെന്ന്. ഇന്നവര്‍ സഭയെ കീഴടക്കിയിരിക്കുന്നു എന്ന വേദനാജനകമായ കാഴ്ച്ചയുടെ ഭാഗമാണ് ഈ കോലാഹലങ്ങള്‍ ഒക്കെ.

കര്‍ത്താവിന്റെ മണവാട്ടിയായി സ്വയം സമര്‍പ്പണത്തിലൂടെ ജീവിതകാലം മുഴുവന്‍ കര്‍ത്താവായ യേശുക്രിസ്തുവിനുവേണ്ടി ഈ ഭൂമിയില്‍ കന്യകയായി ജീവിച്ചുകൊള്ളാം എന്ന ഉടമ്പടിയില്‍ കന്യാവ്രതം നോക്കേണ്ടവരാണ് കന്യാസ്ത്രീകള്‍.അവര്‍തന്നെ സന്യാസം സ്വീകരിച്ചു മഠത്തില്‍ ചെല്ലുന്ന പെണ്‍കുട്ടികളെയും ഇളയ കന്യാസ്ത്രീകളെയും തങ്ങളുടെ കാമവെറിക്കായി ഉപയോഗിക്കുകയും കത്തനാര്‍മാര്‍ക്ക് കൂട്ടിക്കൊടുക്കുകയും ചെയ്യുന്നു എന്നു വായിക്കുമ്പോള്‍ തന്റെ സഭയെ സ്‌നേഹിക്കുന്ന ഏതൊരാളും നിന്നനില്‍പ്പില്‍ ഉരുകിപ്പോകുന്നു.
തങ്ങള്‍ നില്‍ക്കുന്നത് എത്ര മലിനമായ നാറ്റം പേറുന്ന ചെളിക്കുണ്ടില്‍ ആണെന്ന് ചിന്തിച്ചുപോകുന്നു.

കൈവെപ്പിലൂടെ കര്‍ത്താവായ യേശുവിന്റെ അധികാരം തങ്ങള്‍ക്കും ലഭിക്കുന്നുണ്ട് എന്നവകാശപ്പെടുന്ന പുരോഹിത ബിഷപ്പ് വര്‍ഗ്ഗം തങ്ങളെ കര്‍ത്താവിന്റെ സ്ഥാനത്ത് കാണണം എന്ന ഭോഷ്‌ക്ക് പഠിപ്പിക്കുമ്പോള്‍ അവരുടെ സ്വാര്‍ത്ഥമോഹങ്ങള്‍ക്ക് കന്യാസ്ത്രീകള്‍ ഇരയാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം ഒരു പക്ഷേ അവര്‍ പുരോഹിതവര്‍ഗ്ഗത്തെ കാണുന്നത് യേശുവിന്റെ സ്ഥാനത്ത് ആയിരിക്കും.
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പുരുഷനും ഒത്തിണങ്ങിയ സാഹചര്യവും ചേര്‍ന്നുവരുമ്പോള്‍ പുരോഹിതരുടെ ഏത് ലൈംഗികാവശ്യവും നിറവേറ്റാന്‍ അവര്‍ക്ക് മടി തോന്നണമെന്നില്ല. അത് സ്വാഭാവികമയുസ്ത്രീസഹജമായും സംഭവിച്ചുപോകുന്നതാണ്.ലൈംഗികസുഖം അനുഭവിക്കാനുള്ള ദാഹം എല്ലാ മനുഷ്യരിലും ഉണ്ടാകുന്നതുപോലെ അവരിലും ഉണ്ടാകുമല്ലോ.

അതുകൊണ്ടാണ് ബൈബിളില്‍ പറയുന്നത് വിവാഹം വിലക്കരുത് എന്ന്. എന്നാല്‍ ചില ക്രിസ്തീയസഭകള്‍ പുരോഹിതരെയും ബിഷപ്പ് മെത്രാന്മാരെയും വിവാഹം കഴിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്.
അത് സ്ത്രീകളുടെ കാര്യത്തിലും ബാധകം ആണ്. തന്റെ കാമത്തെ അടക്കാന്‍ കെല്‍പ്പില്ലാത്ത എല്ലാ സ്ത്രീകളും വിവാഹം കഴിക്കണം എന്നാണ് ബൈബിള്‍ അനുശാസിക്കുന്നത്.
അതിനാല്‍ കന്യാസ്ത്രീയാകുക എന്നത് ബൈബിള്‍ ഉപദേശത്തിന് വിരുദ്ധമാണ്.

യേശുക്രിസ്തു തന്റെ വീണ്ടും വരവില്‍ കന്യകമാരെ സ്വര്‍ഗ്ഗരാജ്യത്തിലെ വിരുന്നിനിരുത്തും എന്ന ബൈബിള്‍ഭാഗം വായിച്ചാകാം അങ്ങനെ ഒരു നിഷ്ഠ സഭകളില്‍ ഉണ്ടായതും കന്യാസ്ത്രീമഠങ്ങള്‍ സ്ഥാപിക്കപ്പെട്ടതും. എന്നാല്‍ അത് ഇന്ന് ദേവദാസിസമ്പ്രദായംപോലെ പുരോഹിത മെത്രാന്‍ ബിഷപ്പുമാരുടെ കാമ പൂരണോപാധിയായി മാറിയിരിക്കുന്നു എന്നത് ഖേദകരവും വെറുപ്പ് ഉളവാക്കുന്നതും ആകുന്നു.

യേശുക്രിസ്തു തന്റെ സുവിശേഷപ്രവര്‍ത്തന കാലത്ത് പറഞ്ഞിരുന്നു, താന്‍ വീണ്ടും വരുമ്പോള്‍ ഇവിടെ വിശ്വാസം കണ്ടെത്തുമോ എന്ന്.അത് ഈ ലോകത്തോട് പറഞ്ഞതല്ല. തന്നില്‍ വിശ്വസിക്കുന്ന കൂട്ടത്തോട് പറഞ്ഞതാണ്. യേശുവിന്റെ മണവാട്ടിയാകാന്‍ ഒരുങ്ങുന്ന ക്രിസ്തീയസഭകളില്‍ അരങ്ങേറുന്ന ദുര്‍വൃത്തികള്‍ കാണുമ്പോള്‍ ആ സഭകളിലൊക്കെ വിശ്വാസരാഹിത്യം വേരിരക്കിക്കഴിഞ്ഞതായി മനസ്സിലാക്കാം. അത്തരം സഭകളെ സാത്താന്‍ തീറെഴുതിവാങ്ങിയതിനാല്‍ തിരിച്ചു വിശ്വാസത്തിലേക്ക് വരുക ദുഷ്‌കരം ആണ്. ഒരിക്കല്‍ സാത്താന്റെ പിടിയില്‍ പെട്ടാല്‍ യേശു വിചാരിച്ചെങ്കില്‍മാത്രമേ അവന്റെ ബന്ധനത്തില്‍ നിന്നു വിടുതല്‍ കിട്ടുകയുള്ളൂ.അതിനാല്‍ പല ക്രിസ്തീയസഭകളും യേശുവും പരിശുദ്ധാത്മാവും സഭകളോട് ചെയ്യരുത് എന്നു വിലക്കിയതൊക്കെയും ചെയ്യുന്നു. ചെയ്യണമെന്ന് പറഞ്ഞതൊന്നും ചെയ്യുന്നുമില്ല.
ഇന്ന് സഭകളില്‍ കാണുന്ന മൂല്യച്യുതിയും തിന്മകളുടെ വിളയാട്ടവും അതിന്റെ പരിണിതഫലങ്ങള്‍ ആണ്.

കേരളത്തിലെ ഒരു പ്രമുഖസഭയിലെ വൈദികന്‍ അന്യന്റെ ഭാര്യയായ ഒരു വീട്ടമ്മയുമായുള്ള ലൈംഗികബന്ധം വീഡിയോയില്‍ പകര്‍ത്തി സഹവൈദികര്‍ക്ക് അയച്ചുകൊടുത്ത് ആ സ്ത്രീയെ അവരുമായി പങ്കുവെച്ചതില്‍പരം ലജ്ജാകരവും ദുഷ്ടത നിറഞ്ഞതുമായ പ്രവൃത്തി വേറെയുണ്ടോ? ആ പ്രവൃത്തി ക്രിസ്തീയസഭകളില്‍ നടമാടുന്ന സാത്താന്യ വാഴ്ചയെ കാണിക്കുന്നതാണ്.
ക്രിസ്തീയവിശ്വാസികളില്‍ നിന്നു പണം പിരിച്ചുകൊണ്ട് പല സഭകളും അനാഥാലയങ്ങള്‍ നടത്തുന്നത് കത്തനാര്‍മാര്‍ക്ക് അവിഹിതബന്ധത്തില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ വളര്‍ത്താനാണെന്നു പറയപ്പെടുന്നുണ്ട്.

യേശുക്രിസ്തുവിനെതിരെ ലോകമെങ്ങും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കാലമാണിത് .ആ യുദ്ധമുന്നണിയില്‍ മുന്നില്‍നിന്ന് യേശുവിനെതിരെ യുദ്ധം ചെയ്യുന്നത് ക്രിസ്തീയസഭകള്‍ തന്നെയാണെന്നത് ഭീതിജന്യം ആണ്.അതു കാണുമ്പോള്‍ ഇന്നത്തെ പല നാമമാത്ര ക്രിസ്തീയസഭകളും യേശുക്രിസ്തുവിനുള്ളവയല്ല എന്നു വരുന്നു.ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയസഭയില്‍ ഈസബെല്ല എന്നൊരു സ്ത്രീ ലൈംഗികഅരാജകത്വം വളര്‍ത്തി ദുര്‍വൃത്തിയില്‍ ഏര്‍പ്പെടാന്‍ സഭാവിശ്വാസികളെ പ്രേരിപ്പിച്ചതായി ബൈബിളില്‍ പറയുന്നുണ്ട്. ഇപ്പോള്‍ കന്യാസ്ത്രീമഠങ്ങള്‍
ഈസബെല്ലകളെ കൊണ്ട് വീര്‍പ്പുമുട്ടുന്നു.

ക്രിസ്തീയസഭകളുടെ നടത്തിപ്പിന് നല്‍കിയ ഉപദേശങ്ങളില്‍ ഇല്ലാത്തതും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയപരമ്പര്യത്തില്‍ ഉള്‍പ്പെടാത്തതുമായ കൂദാശകളും കാനോന്‍ നിയമങ്ങളും എഴുതിവെച്ച് സഭക്കു ബാധകമായ ദൈവവചനങ്ങളില്‍ നിന്നു മാത്രമല്ല, യേശുക്രിസ്തുവില്‍നിന്നുപോലും വിശ്വാസികളെ സഭകള്‍ അകറ്റിയിരിക്കുന്നു. അങ്ങനെ അവരെ തങ്ങളുടെ അടിമകളാക്കി ശബ്ദിക്കാന്‍പോലും അനുവാദമില്ലാത്തവരാക്കി, പുരോഹിത ബിഷപ്പ് വര്‍ഗ്ഗം. അതുവഴി തങ്ങളുടെ അപ്രമാദിത്വം ഉറപ്പിച്ചുകൊണ്ട് തങ്ങള്‍ ചെയ്യുന്നതൊക്കെയും വിശുദ്ധവുമാക്കി. വിശ്വാസികളില്‍നിന്നു പിരിച്ചെടുക്കുന്ന ധനം ഉപയോഗിച്ച് ശക്തിയും സംഭരിച്ചു.
ഇന്ന് അവര്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി വിശ്വാസികളുടെമേല്‍ എല്ലാ അധികാരത്തോടെയും വാഴുന്നതിനാല്‍ സ്വന്തം സമുദായത്തില്‍നിന്നുള്ള ഒറ്റപ്പെടല്‍ സഹിക്കാന്‍ ത്രാണിയില്ലാത്തവര്‍ തെറ്റുകള്‍ കണ്ടാലും അവരോട് എതിര്‍ക്കുന്നില്ല.

പഠനകാലത്ത് വൈദികസെമിനാരിയില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവര്‍ പുരോഹിതര്‍ ആയി വരുമ്പോള്‍ അവരെ സഭക്ക് നിലക്കുനിര്‍ത്താന്‍ പറ്റിയെന്നു വരില്ല. അവരും തങ്ങളുടെ അധികാരം ഉപയോഗിച്ച് നാനാവിധത്തില്‍ ലൈംഗികപീഡനങ്ങള്‍ക്കുള്ള അവസരങ്ങള്‍ ഉറപ്പിക്കും എന്നത് തീര്‍ച്ചയാണ്. സമ്പത്ത് വര്‍ദ്ധിക്കുമ്പോള്‍ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ ഏതൊരു പ്രസ്ഥാനവും ധാര്‍മ്മികമായി
അധഃപതിക്കും. ക്രിസ്തീയസഭകളില്‍ സംഭവിച്ചതും മറ്റൊന്നല്ല. അതുകൊണ്ടാണ് യേശു പറഞ്ഞത് നിങ്ങള്‍ക്ക് മമോനെയും (ധനത്തെയും) ദൈവത്തെയും ഒരേ സമയം സേവിക്കാന്‍ സാധിക്കില്ല എന്ന്.
ക്രിസ്തീയമാര്‍ഗ്ഗത്തില്‍ നിന്നു മാറിനടക്കുന്ന സഭകളിലെ പുരോഹിത മെത്രാന്‍ ബിഷപ്പുമാരെ ഇനിയും നിലയ്ക്കുനിര്‍ത്താന്‍ ഒരു വഴിയെ ബാക്കിയുള്ളൂ. അവര്‍ക്ക് ‘അര്‍മ്മാദിക്കാനും’ അഴിഞ്ഞാടാനും വേണ്ടി ഇനിമേല്‍ പണം നല്‍കാതിരിക്കുക വഴി അവരുടെ സമ്പത്തിന്റെ ശക്തി ക്ഷയിപ്പിച്ച് തിന്മയുടെ അച്ചുതണ്ടിനെ തകര്‍ക്കുക. അങ്ങനെ ക്രിസ്തീയസഭയുടെ നേര്‍വഴിയും സത്യവും ജീവനുമായ യേശുവില്‍ സഭയെ മടക്കിക്കൊണ്ടുവന്ന് അതിനെ കാക്കുക.എങ്കില്‍ ബൈബിളില്‍ പറയുന്നതുപോലെ സത്യം നിങ്ങള്‍ അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.

………

ഗീവര്‍ഗീസ് ഇടിച്ചെറിയ കിഴക്കേകര