ജനങ്ങളെ താലിബാന് മുന്നില്‍ വലിച്ചെറിഞ്ഞ് നാടുവിട്ട അഫ്ഗാന്‍ പ്രസിഡന്റിന് അഭയം നല്‍കിയത് യുഎഇ

കാബൂള്‍: അഫ്‌ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതോടെ രാജ്യം വിടേണ്ടി വന്ന പ്രസിഡന്റ് അഷ്റഫ് ഘനിക്കും കു‌ടുംബത്തിനും യു എ ഇ അഭയം നല്‍കി. മാനുഷിക പരിഗണന നല്‍കിയാണ് അദ്ദേഹത്തിനും കുടുംബത്തിനും അഭയം നല്‍കിയതെന്നാണ് യു എ ഇ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്ത് എവിടെയാണ് ഘനി ഇപ്പോഴുള്ളതെന്ന് വ്യക്തമല്ല. അഫ്‌ഗാനില്‍ നിന്ന് പലായനം ചെയ്ത ഘനിക്ക് താജിക്കിസ്ഥാന്‍ പ്രവേശനാനുമതി നല്‍കിയിയിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒരിക്കലും രാജ്യം വിടില്ലെന്നും സുരക്ഷിത താവളം തേടില്ലെന്നും പറഞ്ഞുകൊണ്ടിരുന്ന ഘനി താലിബാന്‍ കാബൂളില്‍ പ്രവേശിച്ച ഉടന്‍ ഇരുചെവിയറിയാതെ കുടുംബാംഗങ്ങള്‍ക്കൊപ്പം രാജ്യം വിടുകയായിരുന്നു. നാല് കാറുകളും ഒരു ഹെലികോപ്ടര്‍ നിറയെ പണവുമായിട്ടാണ് അദ്ദേഹം രാജ്യം വിട്ടതെന്ന് റഷ്യ പറയുന്നു. ജനങ്ങളെ താലിബാന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് രാജ്യംവിട്ട ഘനിയെ ഭീരുവും വില്ലനുമായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പടെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചതിയനെന്നാണ് വിളിക്കുന്നത്.