മുഹമ്മദ് ഇര്‍ഫാനെ MLA-യാക്കാന്‍ കൊതിച്ച് ഭാര്യ, ആദ്യമോഷണം സഹോദരിയുടെ വിവാഹത്തിനായി, ഒടുവിൽ ബിഹാർ റോബിൻഹുഡായി മാറി

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണക്കേസിൽ പ്രതി മുഹമ്മദ് ഇര്‍ഫാന്‍ 14 വര്‍ഷങ്ങള്‍ക്ക് മുൻപാണ് ആദ്യമായി മോഷണം നടത്തുന്നത്. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിയും സഹോദരിക്ക് സ്ത്രീധനം നല്‍കാന്‍ പണമില്ലാത്തതിനാലുമാണ് ആദ്യമായി മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി. ‘എന്റെ ഭര്‍ത്താവ് ഇനി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം’, മൂന്നുവര്‍ഷം മുന്‍പ് ബിഹാറിലെ സീതാമര്‍ഹി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ഗുല്‍ഷാന്‍ പര്‍വീണ്‍ എന്ന വനിതാ പഞ്ചായത്ത് അംഗം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്.

ഭാര്യയുടെ ആഗ്രഹം പോലെ പ്രസിദ്ധി നേടാൻ ആയില്ലെങ്കിലും ഇർഫാൻ ബിഹാർ റോബിൻഹുഡായി മാറിജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ ഭര്‍ത്താവ് മുഹമ്മദ് ഇര്‍ഫാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നായിരുന്നു തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഗുല്‍ഷാന്‍ പ്രതികരിച്ചത്. താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുമെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞതായും മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുല്‍ഷാന്‍ വെളിപ്പെടുത്തിയിരുന്നു.

ഭാര്യ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചിട്ടും ‘ബിഹാര്‍ റോബിന്‍ഹുഡ്’ എന്ന് വിളിക്കുന്ന മുഹമ്മദ് ഇര്‍ഫാന്‍ രാജ്യത്തെ പലഭാഗങ്ങളിലായി മോഷണം തുടര്‍ന്നു. പലതവണ പിടിക്കപ്പെട്ടു. പക്ഷേ, ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും എല്ലാം പഴയപടിതന്നെ. ഒടുവില്‍ കൊച്ചിയില്‍ ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടിലും ഇര്‍ഫാന്‍ മോഷ്ടിക്കാന്‍ കയറി. ഒരുകോടിയോളം രൂപയുടെ സ്വര്‍ണ-വജ്രാഭരണങ്ങളുമായി കടന്നുകളഞ്ഞു. എന്നാല്‍, മോഷണം നടന്ന് 24 മണിക്കൂറിനുള്ളില്‍ ‘ബിഹാര്‍ റോബിന്‍ഹുഡി’നെ കേരള പോലീസും കര്‍ണാടക പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

സമ്പന്നരില്‍നിന്ന് പണവും ആഭരണങ്ങളും കൊള്ളയടിച്ച് ഒരുവിഹിതം പാവങ്ങള്‍ക്ക് നല്‍കുന്നതിനാല്‍ ചിലര്‍ക്ക് മുഹമ്മദ് ഇര്‍ഫാന്‍ ‘ബിഹാര്‍ റോബിന്‍ഹുഡ്’ ആയിരുന്നു. ആഡംബര കാറുകളില്‍ യാത്രചെയ്ത് കവര്‍ച്ച നടത്തുന്നതിനാല്‍ മറ്റുചിലര്‍ അയാളെ ‘ജാഗ്വാര്‍ കള്ളന്‍’ എന്ന് വിളിച്ചു. ഇതുവരെ രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി 40-ഓളം മോഷണക്കേസുകളില്‍ മുഹമ്മദ് ഇര്‍ഫാന്‍ പ്രതിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.