മമ്മൂട്ടിയുടെ അമരത്തിലേക്ക് അശോകനും മാതുവും അപ്രതീക്ഷിതമായി എത്തിയ കഥ വിവരിച്ച് നിര്‍മ്മാതാവ്

ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് അമരം. ലോഹിതദാസ് തിരക്കഥയെഴുതി ഭരതന്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം മുക്കുവരുടെ കഥയാണ് പറയുന്നത്. മമ്മുട്ടി, മുരളി, മാതു, അശോകന്‍, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എല്ലാവരും ഒന്നിനൊന്ന് പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. രാധയായി ചിത്രത്തിലെത്തിയത് മാതുവാണ്. രാധയുടെ കാമുകനായി രാഘവനെന്ന കഥാപാത്രമായി എത്തിയത് അശോകനും. അഴകേ നിന്‍ മിഴിനീര്‍ മണിയീ… എന്ന ഗാനം ഇവരുടെ പ്രണയത്തിന്റെ തീവ്രത അളക്കുന്ന ഗാനരംഗമാണ്. എന്നാല്‍ ഈ ചിത്രത്തിലേക്ക് മാതുവും അശോകനും അപ്രതീക്ഷിതമായാണെന്ന് വെളിപ്പെടുത്തുകയാണ് നിര്‍മാതാവ് ബാബു തിരുവല്ല.

രാഘവന്റെ റോളിലേക്ക് നിശ്ചയിച്ചിരുന്നത് സഞ്ജയ് മിത്രയെ ആയിരുന്നു. രാഘവന്റെ റോളിലേക്ക് താരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അത് അശോകനിലേക്ക് എത്തുകയായിരുന്നു. ടെലിഗ്രാം സന്ദേശമായിരുന്നു അതിന് വഴിതെളിയിച്ചത്. സഞ്ജയ്ക്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ടെലഗ്രാം വരികയായിരുന്നു. ഇതോടെയാണ് രാഘവന്റെ വേഷത്തിലേക്ക് ആരെ പരിഗണിക്കുമെന്ന ചര്‍ച്ച വന്നത്. ആ സമയത്താണ് അശോകനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ മുടിയും രൂപവുമൊക്കെ ആ കഥാപാത്രത്തിന് കറക്റ്റായിരുന്നു. എല്ലാവരും നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് അശോകന്‍ വന്നത്.

തമിഴകത്തെ ഒരു നടിയായിരുന്നു ആദ്യം രാധയായത്. കുറച്ച് ദിവസം ഈ താരത്തെ വെച്ച് ഷൂട്ടിംഗും നടത്തിയിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും ശരിയാവാതെ വന്നപ്പോഴാണ് മാതുവിനെ സമീപിച്ചത്. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരുന്ന മാതു അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് ബാബു തിരുവല്ല പറഞ്ഞു