രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കും: സുരേഷ് ഗോപി

കണ്ണൂർ: കെ റെയിൽ വരുമെന്ന് പറയുന്നത് പോലെയല്ല, ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അടുത്ത തിരഞ്ഞെടുപ്പുകൂടി കഴിഞ്ഞാൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്നും, പിന്നെ ജാതിക്ക് ഒരു പ്രസക്തിയും ഉണ്ടാവില്ലെന്നും, ബിജെപി നേതാവ് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്കിടെ സുരേഷ് ഗോപി കണ്ണൂരിൽ പറഞ്ഞു.

ആര് എന്തു പറഞ്ഞാലും അവർക്കെതിരെ കേസെടുക്കുന്ന നിലയിലേക്ക് സർക്കാർ അധഃപതിച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്. പദയാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോഴും സംസ്ഥാനത്തെ അധമ ഭരണത്തിനുമേൽ ഇടിത്തീ വീഴട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ… അതു സംഭവിച്ചിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.