ഹര്‍ത്താലിനോട് മുഖം തിരിച്ച്‌ കേരളം, ജനജീവിതത്തെ ബാധിച്ചില്ല

പൗരത്വനിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താനിനോട് മുഖം തിരിച്ച്‌ കേരളം. ഹര്‍ത്താല്‍ ശക്തമാകുമെന്ന് കരുതിയിരുന്നെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. നിയമ വിരുദ്ധ ഹര്‍ത്താല്‍ പൊതുജനം തള്ളിയ സ്ഥിതിയാണ് പലയിടത്തും കാണാന്‍ കഴിയുന്നത്. ഏതാനും ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കെഎസ്‌ആര്‍ടിസിയും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. പലയിടത്തും പൊലീസ് സംരക്ഷണയോടെയാണ് കെഎസ്‌ആര്‍ടിസി ഓടുന്നത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച നിശ്ചയിച്ച സ്‌കൂള്‍ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു. ജില്ലകളിലെ സുരക്ഷ അതത് പോലീസ് മേധാവിമാര്‍ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച്‌ തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുള്ളത്. എന്നാല്‍ മത സംഘടനകളും രാഷ്ട്രീയ കക്ഷികളും ഹര്‍ത്താലിനെ തള്ളി രംഗത്തെത്തിയത് തിരിച്ചടി ആയതായി വിലയിരുത്തുന്നു. ശബരിമല തീര്‍ഥാടകരെയും റാന്നി താലൂക്കിനെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശ വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തില്ല. അക്രമമോ ബലപ്രയോഗമോ നടത്തില്ലെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി. അതിജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും അക്രമം നടന്നാല്‍ പോലീസ് ശക്തമായി നേരിടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.