പണം വാങ്ങി ശവസംസ്‌കാരത്തിലും തിരിമറി, കൊരട്ടിപ്പള്ളി വികാരിക്കെതിരെ കേസ്

മരണപ്പെട്ടുകഴിഞ്ഞാല്‍ അവര്‍ക്കുള്ള അവകാശമാണ് ആറടി മണ്ണ്. ക്രിസ്തീയ വിശ്വാസികള്‍ ആണെങ്കില്‍ പള്ളി സെമിത്തേരിയിലാവും ആ അവകാശം. എന്നാല്‍ ഇപ്പോള്‍ ഒരു വികാരി ശവക്കല്ലറയുടെ പേരില്‍ വരെ പണം തട്ടിയിരിക്കുകയാണ്.മൃതദേഹം പണം വാങ്ങി സംസ്കരിക്കുകയും തുടർന്ന് 10 ദിവസം കഴിഞ്ഞ് അത് മാന്തി എടുത്ത് അവിടെ മറ്റൊരു മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.10 ദിവസത്തേ വ്യത്യാസത്തിൽ 2 മൃത സംസ്കാരത്തിനും പണം വാങ്ങുകയും ചെയ്തു. ആദ്യം മറവു ചെയ്ത മൃതദേഹം സിമിത്തേരിയുടെ പുറം പോക്ക് ഭാഗത്ത് രഹസ്യമായി കുഴിച്ചിടുകയായിരുന്നു.

കൊരട്ടി സെന്റ് മേരീസ് ഫെറോന പള്ളി ഇടവക വികാരി ഫാ. ജോസ് ഇടശ്ശേരി പരേതന്റെ ബന്ധുക്കളില്‍ നിന്നും പണം തട്ടിയെന്നാണ് ആരോപണം. വികാരിക്കെതിരെ കേസും എടുത്തിട്ടുണ്ട്.ഇടവകാംഗങ്ങളായ തൃശൂര്‍ കൊരട്ടി ഉള്ളാട്ടികുളം പോളിന്റെ മക്കളാണ് വികാരിക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തിയത്. സംസ്ഥാന പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ഈ പരാതിയിന്മേലാണ് ആന്വേഷണം.

പള്ളി സെമിത്തേരിയില്‍ നിന്നും മൃതദേഹം സംസ്‌കരിക്കാന്‍ പരേതന്റെ വീട്ടുകാരില്‍ നിന്നും 14000 രൂപയാണ് വികാരിയും കൈക്കാരന്മാരും ചേര്‍ന്ന് വാങ്ങിയത്. എന്നാല്‍ സംസ്‌കരിച്ച് ദിവസങ്ങള്‍ മാത്രം പഴക്കമുള്ള ജീര്‍ണാവസ്ഥയിലുള്ള ഒരു മൃതദേഹം തോണ്ടിയെതുത്ത ശേഷം ആ കുഴിയില്‍ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു എന്നാണ് വൈദികനെതിരെയുള്ള പാരാതി. സംഭവം വിവാദമാവുകയും വന്‍ പ്രതിഷേധം ഇടവകക്കാരുടെ ഇടയില്‍ നിന്നു ഉണ്ടാവുകയും ചെയ്തിട്ടും അതിരൂപതാ അധികാരികള്‍ വികാരിയെ സംരക്ഷിക്കുകയായിരുന്നു.

വളരെ രഹസ്യമായിട്ടായിരുന്നു ഇവര്‍ കല്ലറ തോണ്ടിയത്. 2020 ജൂലൈ 21നാണ് ഇടവകാംഗമായ കിഴക്കൂടന്‍ ജോസിന്റെ ഭാര്യ സിസിലിയുടെ അമ്മ മേലേടത്ത് റോസി എന്ന തൊണ്ണൂറ്റിനാലുകാരി മരിച്ചത്. പിറ്റേദിവസം ഉച്ചകഴിഞ്ഞ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടത്തി. ദിവസങ്ങള്‍ കഴിഞ്ഞ് റോസിയുടെ കുഴിമാടത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വീട്ടുകാര്‍ എത്തിയപ്പോള്‍ അവര്‍ ഒന്നാകെ ഞെട്ടി. തങ്ങളുടെ അമ്മച്ചിയെ അടക്കം ചെയ്തിരുന്ന കുഴിമാടത്തില്‍ മറ്റൊരു മൃതദേഹം അടക്കം ചെയ്തിരിക്കുന്നു. തങ്ങളുടെ അമ്മച്ചിയുടെ മൃതദേഹം എവിടെ പോയെന്ന് ആവരും തിരക്കി.റോസിയുടെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയതോടെ വികാരിയുടെയും കൈക്കാരുടെയും രഹസ്യം പൊളിഞ്ഞു. റോസിയെ അടക്കിയ കുഴിയില്‍ ഇപ്പോഴുള്ളത് ജൂലൈ 31ന് മരിച്ച ഉള്ളാട്ടില്‍ പോളിന്റെ മൃതദേഹമാണ്. റോസിയുടെ ജീര്‍ണിച്ച് ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം എടുത്ത് കൂദാശകളും മറ്റും കൊടുക്കാതെ അടക്കുന്നവരുടെ വശത്ത് അടക്കുകയായിരുന്നു. റോസിയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് എത്തിയതോടെ ഇവിടെ നിന്നും വീണ്ടും മൃതദേഹം പുറത്തെടുത്ത് സെമിത്തേരിയില്‍ മറ്റൊരു കുഴിയെടുത്ത് അവിടെ മറവ് ചെയ്തു. പേരിന് ഒരു പ്രാര്‍ത്ഥനയും നടത്തി. റോസിയുടെ കുടുംബങ്ങളെ അനുനയിപ്പിച്ച് പാതിരാത്രിയിലായിരുന്നു രണ്ടാമത് കുഴിയെടുത്തതും സംസ്‌കാരം നടത്തിയതും.

കുഴിക്കാണമായി എണ്ണായിരും രൂപയും കുഴിവെട്ടിന് ആറായിരം രൂപയും പ്രത്യേകം നല്‍കിയാണ് ഉള്ളാട്ടിക്കുളം പോളിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വികാരിയും കൈക്കാരും ഒരുങ്ങിയത്. എന്നാല്‍ 14000 രൂപ വാങ്ങിയിട്ടും മറ്റൊരു മൃതദേഹം സംസ്‌കരിച്ച കുഴി തോണ്ടിയ ശേഷമാണ് പോളിന്റെ മൃതദേഹം സംസ്‌കരിച്ചതെന്ന് മനസിലാക്കിയതോടെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. ആറ് മാസം മുമ്പാണ് പോളിന്റെ ഭാര്യ ത്രേസ്യാമ മരിച്ചത്. സംഭവത്തെക്കുറിച്ച് പോളിന്റെ ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ. കുടുംബ കല്ലറയില്‍ ത്രേസ്യാമ്മയുടെ മൃതദേഹം അടക്കം ചെയ്തിട്ട് രണ്ടു മാസം പോലും ആകാത്തതിനാല്‍, പോളിനു വേണ്ടി അതേ കല്ലറ തുറക്കാനാകില്ലെന്ന് പള്ളി വികാരി പറയുന്നു. മൃതദേഹം തത്കാലം പൊതുകല്ലറയില്‍ സംസ്‌കരിക്കാമെന്നും ഒരു വര്‍ഷം കഴിയുമ്പോള്‍ കുഴിമാടത്തില്‍ നിന്ന് അസ്ഥിയും മറ്റുമെടുത്ത് കുടുംബ കല്ലറയിലേക്കു മാറ്റാമെന്നും ധാരണയാകുന്നു. അങ്ങനെ കുഴിക്കാണമായും കുഴിവെട്ട് ഫീസ് ആയും 14,000 രൂപ പള്ളി വികാരി കൈപ്പറ്റുന്നു. ഈ ധാരണയ്ക്കും ഫീസ് ഈടാക്കലിനും ശേഷം ഫാ. ജോസ് ഇടശ്ശേരിയും രണ്ടു കൈക്കാരന്മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതനുസരിച്ച്, പോളിന്റെ മൃതദേഹത്തിനായി പുതിയ കുഴി വെട്ടുന്നതിനു പകരം 11 ദിവസം മുമ്പ് റോസിയുടെ സംസ്‌കാരത്തിനായി വെട്ടിയ അതേ കുഴി ഉപയോഗിക്കുകയായിരുന്നു എന്നാണ് പോളിന്റെ വീട്ടുകാര്‍ പറയുന്നത്. അങ്ങേയറ്റം ആദരവോടെ, പ്രാര്‍ത്ഥനാപൂര്‍വം സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കേണ്ട ഇടവക വികാരി തന്നെയാണ് ഈ തട്ടിപ്പും നെറികേടും കാട്ടിയത്.