നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസ് റദ്ദാക്കണം, എൻഎസ്എസ് നൽകിയ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

സ്പീക്കറിന്റെ മിത്ത് വിവാദപരാമർശത്തിൽ പ്രതിഷേധിച്ച് നാമജപഘോഷ യാത്രയിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൻഎസ്എസ് നൽകിയ ഹർജിയിൽ സർക്കാരിനോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി.

നാമജപത്തിന് കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ നിന്നും അനുമതി വാങ്ങിയിരുന്നതായി എൻഎസ്എസ് കോടതിയിൽ വാദിച്ചു. എന്നാൽ സ്‌റ്റേഷനിൽ നിന്നും അനുമതി നൽകിയിരുന്നില്ലെന്നും അനധികൃതമായാണ് പരിപാടി നടത്തിയതെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ കേസിൽ തുടർനടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കേസ് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻഎസ്എസ് വൈസ് പ്രസിസന്റ് എം.സംഗീത്കുമാറാണ് ഹൈക്കോടതയിൽ ഹർജി സമർപ്പിച്ചത്. കേസിൽ ഒന്നാം പ്രതിയാണ് സംഗീത് കുമാർ.

ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബുധനാഴ്ച എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നടത്തിയ ഘോഷയാത്രയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നെന്ന് ആരോപിച്ചായിരുന്നു കേസ്. സംഗീത് കുമാറിനെ കൂടാതെ കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.