മുഖ്യമന്ത്രിയും മന്ത്രിമാരും സൗദിയിലേക്ക്, കേന്ദ്രത്തോട് അനുമതി തേടി

തിരുവനന്തപുരം: സൗദി യാത്രക്ക് കേന്ദ്രത്തോട് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. അടുത്തമാസമാണ് സംഘം സൗദി സന്ദർശിക്കുക. ഒക്ടോബർ 19 മുതൽ 22 വരെ സൗദിയിൽ നടക്കുന്ന ലോക കേരള സഭയിൽ പങ്കെടുക്കാനാണ് യാത്ര. സംഘം യാത്രയ്‌ക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. 2022 ഒക്ടോബറിൽ ലണ്ടനിലും ഈ വർഷം ജൂണിൽ ന്യൂയോർക്കിലും ലോക കേരള സഭയുടെ മേഖല സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.

ഇതിന് തുടർച്ചയായാണ് സൗദിയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുന്നത് പലപ്പോഴും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിടിയിട്ടുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്ഥലം ഈടുവെച്ച് വായ്പയെടുക്കാൻ ഒരുങ്ങുകയാണ് കാർഷിക സർവകലാശാല. പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനും കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുമാണ് 40 കോടി രൂപ വായ്പ എടുക്കുക.

ഇതിനായി പ്രോചാൻസലറായ കൃഷിമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ സർവകലാശാല വിസിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഡിപ്ലോമ കോഴ്‌സുകൾ, ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്‌സുകൾ എന്നിവ ആരംഭിക്കാനും പല ഇനത്തിൽ കുടിശ്ശികയായ പണം കൊടുത്തുതീർക്കാനുമാണ് കാർഷിക സർവകലാശാല 40 കോടി രൂപ വായ്പ എടുക്കുന്നത്.