തെരുവുനായ്ക്കളെ ഇല്ലാതാക്കിയ സംഭവത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നു; രഞ്ജിനി ഹരിദാസിനെതിരെ പരാതി

കൊച്ചി: തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുന്നുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്റെ പരാതി.സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച്‌ അവതാരക രജ്ഞിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍.

രജ്ഞിനി ഹരിദാസിനും അഭിനേതാവായ അക്ഷയ് രാധാകൃഷ്ണനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്റെ ചിത്രം അടക്കം ഉപയോഗിച്ച്‌ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പലരുടേയും കമന്റുകള്‍ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് പരാതി. രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ തൃക്കാക്കര നഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ തൃക്കാക്കര നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പ്രതി ചേര്‍ത്തു. ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാറിനെ പ്രതിചേര്‍ത്തത്. വിഷയത്തില്‍ നഗരസഭ ചെയര്‍പെഴ്സന്‍ അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. നഗരസഭ അധികൃതര്‍ പറഞ്ഞിട്ടാണ് നായ്ക്കളെ കൊന്നതെന്നാണ് അറസ്റ്റിലായവരുടെ മൊഴി.