കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ബിജെപിയിൽ

ആലപ്പുഴ : ഹരിപ്പാട് നിയോജകമണ്ഡലം മുതുകുളം ബ്ലോക്ക് കോണ്ഗ്രെസ്സ് കമ്മിറ്റി സെക്രട്ടറിയും മഹിളാകോൺഗ്രസ് ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായിരുന്ന രാജശ്രീ പിള്ള കോണ്ഗ്രെസ്സ് വിട്ട് ബിജെപിയിൽ ചേർന്നു. ആലപ്പുഴ പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രാജശ്രീ പിളളയെ കാവി ഷാൾ അണിയിച്ച് ഭാരതീയ ജനതാ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പു വിജയത്തിനായി താനും തന്നോടൊപ്പമുള്ളവരും പ്രവർത്തിക്കുമെന്നും രാജശ്രീ പ്രസ്താവിച്ചു. രാജശ്രീ പിള്ള, മഹിളാ കോൺഗ്രസ്സ്, കോണ്ഗ്രെസ്സ് എന്നിവയുടെ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുണ്ട്. ദീർഘകാലം മുതുകുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന ശിവരാമപ്പണിക്കരുടെ മകളാണ് രാജശ്രീ പിള്ള.

ചടങ്ങിൽ ബിജെപി നേതാക്കളായ പാലമുറ്റത്ത് വിജയകുമാർ, കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ് കുമാർ, കാർത്തികപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരികൃഷ്ണൻ കാവിലത്ത്, അജിത് കുമാർ ചിങ്ങോലി, ബിജെപി മുതുകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രാജേഷ്, ജനറൽ സെക്രട്ടറി ശ്രീരാമചന്ദ്ര കുറുപ്പ്, രതീഷ് പുതുപ്പുരക്കൽ, മുതുകുളം പഞ്ചായത്ത് അംഗങ്ങളായ സബിതാ വിനോദ്, ശ്രീലത രവീന്ദ്രൻ പിള്ള, എന്നിവർ പങ്കെടുത്തു.