വിഷമയമായ കഫ് സിറപ്പുകൾ, 300ൽപരം മരണം;അടിയന്തിര നടപടി വേണമെന്ന് WHO

ജനീവ: വിഷമയമായ ചുമമരുന്നുകൾ കഴിച്ചതിനെത്തുടർന്ന് ​ഗാംബിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. വിഷകരമായ ഘടകങ്ങൾ അടങ്ങിയതാണ് മരണകാരണമായതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ നിലവാരമില്ലാത്ത മരുന്നുകൾ അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ലോകാരോ​ഗ്യസംഘടന.

വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ പല കഫ്സിറപ്പുകളിലും ഉയർന്ന അളവിൽ കണ്ടെത്തിയ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ നാലുമാസത്തിനിടെ ഉണ്ടായതെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. എഞ്ചിനുകളിലെ കൂളിങ് ഏജന്റുകൾ, ബ്രേക് ഫ്ലൂയിഡ്, കോസ്മെറ്റിക് ഉത്പന്നങ്ങൾ, ലൂബ്രിക്കന്റുകൾ എന്നിവയിലെല്ലാം ഉപയോ​ഗിക്കുന്ന ഈ കെമിക്കലുകൾ ചെറിയ അളവിൽ ശരീരത്തിലെത്തുന്നതു പോലും മരണകാരണമായേക്കാം. ഇവ മരുന്നുകളിൽ ഒരു കാരണത്താലും കലർത്താൻ പടുള്ളതല്ല.

വിഷമയമായ കഫ് സിറപ്പുകൾ കഴിച്ച് വിവിധ രാജ്യങ്ങളിലായി മുന്നൂറിലധികം കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ലോകാരോ​ഗ്യസംഘടനയുടെ ഇടപെടൽ. ഏഴോളം രാജ്യങ്ങളിലെ സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നടപടി. ​ഗാംബിയ, ഇൻഡൊനീഷ്യ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ മരണവും കാരണമായി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണ് മിക്കയിടത്തും ഇത്തരം കഫ്സിറപ്പ് കഴിച്ച് ​ഗുരുതരാവസ്ഥയിലേക്ക് എത്തിയതെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു. ഇതിനകം ഇന്ത്യയിലെയും ഇൻഡൊനീഷ്യയിലെയും ആറോളം മരുന്നു കമ്പനികളും സമാനരീതിയിൽ കഫ്സിറപ്പുകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന കണ്ടെത്തിയിരുന്നു.

ഇന്ത്യൻ നിർമിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിനു പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന രം​ഗത്തെത്തിയിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾക്ക് ഉസ്ബെക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തുകയാണ് ലോകാരോ​ഗ്യസംഘടന ചെയ്തത്. ​ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ആംബ്രൊനോൾ, ഡോക്-1 മാക്സ് എന്നീ മരുന്നുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.