ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് മടങ്ങി, ഇനി ഒരു മടക്കമില്ല, ഏവര്‍ക്കും നൊമ്പരമായി ജസ്റ്റിന്റെ മരണം

ജസ്റ്റിനും മകനും ഭാര്യയും

മൈലപ്ര: ഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് മടങ്ങിയപ്പോള്‍ ഇനി ഒരിക്കലും തിരിച്ച് വരില്ലെന്ന് ജസ്റ്റിന്‍ വര്‍ഗീസ് ഓര്‍ത്തിട്ടുണ്ടാവില്ല. കോവിഡ് വിദേശത്ത് മലയാളികളുടെ പിടി മുറുക്കുമ്പോള്‍  പൊലിയുന്ന ജീവനുകളുടെ കൂട്ടത്തിലാണ് മൈലപ്ര കാലായില്‍ (പുതുവേലില്‍ ) വര്‍ഗീസ് ജോണിന്റെ മകന്‍ ജസ്റ്റിനും ഉള്‍പ്പെട്ടത്. മസ്‌കത്തിലെ പിഡിഒ സെമിത്തേരിയില്‍ ശവസംസ്‌കാരവും നടന്നു. നാട്ടിലുള്ള ഉറ്റവര്‍ അവസാനമായി ഒരു നോക്ക് കാണുവാനോ അന്ത്യചുംബനം നല്‍കുവാനോ പോലും സാധിക്കാതെ ചങ്ക് പൊട്ടുന്ന വേദനയിലാണ്.

കഴിഞ്ഞ ദിവസം തലവേദനയെ തുടര്‍ന്ന് ജസ്റ്റിനെ ആശുപത്രിയില്‍ ആക്കുകയായിരുന്നു. രണ്ട് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷം വ്യാഴാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒമാനിലെ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ജസ്റ്റിന്‍. നേരത്തെ മൈലപ്ര അമൃത സൂപ്പര്‍മാര്‍ക്കറ്റിലും പത്തനംതിട്ട മഞ്ചേരിക്കളം എന്നിവിടങ്ങളിലും ഇദ്ദേഹം ജോലി ചെയ്തചിട്ടുണ്ട്.

നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ജസ്റ്റിന്റെ വിയോഗം വലിയ വേദന ആയിരിക്കുകയാണ്. മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ സജീവ അംഗമായിരുന്ന ജസ്റ്റിന്‍ സണ്‍ഡേ സ്‌കൂള്‍, യുവജനസഖ്യം, കമ്മിറ്റി എന്നിവയിലും പ്രവര്‍ത്തിച്ചിരുന്നു. എപ്പോഴും പുഞ്ചിരി തൂകിയുള്ള മുഖത്തോടെ മാത്രം കണ്ടിരുന്ന ജസ്റ്റിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാവാതെ നില്‍ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ഒന്നര വര്‍ഷമായി ഈട്ടിമൂട്ടില്‍പിടിയില്‍ ജീവിച്ച് വരികയായിരുന്നു ജസ്റ്റിനും കുടുംബവും. ജിന്‍സിയാണ് ഭാര്യ.  ഏക മകന്‍ ജോഹാന് 6 വയസ്സ് മാത്രമാണ് പ്രായം. മാതാവ് മോളിക്കുട്ടി.