ഒമാനിൽ മഴ തുടരുന്നു, മരണസംഖ്യ 18 ആയി, മരിച്ചവരിൽ 10 വിദ്യാർത്ഥികളും

മസ്കറ്റ്: ഒമാനിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് മരിച്ചവരുടെ എണ്ണം 12ആയിരുന്നു. ഇപ്പോളത് 18 ആയി ഉയർന്നിട്ടുണ്ട്. കാണാതായ മറ്റൊരാളെയും മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ കാണാതായ 4 പേരുടെയും മൃതദേഹം ഇന്ന് കണ്ടെടുത്തു. കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം സമദ് അൽ-ഷാൻ പ്രദേശത്തെ അൽ മുദൈബിയിലെ വിലായത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഒമാനിൽ ദുരിതം വിതച്ച് മഴ തുടരുകയാണ്.

കൂടുതൽ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ 10 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മരിച്ചവരുടെ എണ്ണം 18 ആയി. ഒരു മലയാളിയുൾപ്പെടെ 12 പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ട അടൂർ കടമ്പനാട്​ സ്വദേശി സുനിൽകുമാറാണ്​ മരിച്ച മലയാളി. ഇപ്പോഴും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്​. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സമദ് അല്‍ ശാനില്‍ സ്‌കൂള്‍ ബസ് വാദിയില്‍ പെട്ടാണ് കുട്ടികള്‍ മരിച്ചത്.

മറ്റു ചില വാഹനങ്ങളും വിവിധ ഭാഗങ്ങളിലായി ഒഴുക്കില്‍ പെടുകയും നിരവധി പേര്‍ ഒലിച്ചുപോവുകയും ചെയ്തിരുന്നു. സ്വദേശികളും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.