മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കി; സിപിഎം വനിതാ നേതാവ് പാര്‍ട്ടി മാറുന്നുവെന്ന് പ്രചരണം

മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആക്കിയ സിപിഎം വനിതാ നേതാവ് പാര്‍ട്ടി മാറുന്നുവെന്ന് ആരോപണം. ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും കര്‍ഷക സംഘം സംസ്ഥാന നേതാവുമായ ഗീതാ ഉണ്ണികൃഷ്ണനെതിരെയാണ് സൈബര്‍ പ്രചാരണം നടന്നത്. മകള്‍ വരച്ച താമരയുടെ ചിത്രം വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയതോടെയാണ് ഗീതാ ഉണ്ണികൃഷ്ണന്‍ ബിജെപിയില്‍ ചേരുന്നുവെന്ന പ്രചാരണം ശക്തമായത്.

പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി ഗീതാ ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി. സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് വസ്തുത വിരുദ്ധമാണെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ അടിയുറച്ച് നില്‍ക്കുകയാണെന്നും ഗീത പ്രതികരിച്ചു. കോട്ടയം ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് ഗീതയുടെ മകള്‍ അശ്വതി. അശ്വതി വരച്ച താമരയുടെ ചിത്രമാണ് ഗീത തന്റെ വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കിയത്. ഇതിന് പിന്നാലെയായിരുന്നു പ്രചാരണം ശക്തമായത്.