അറിയാത്ത കാര്യത്തെ കുറിച്ച് സംസാരിക്കരുത്; ലക്ഷദ്വീപിനെ പിന്തുണച്ച പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം

സൗത്തിന്ത്യയിലെ ഇംഗ്ലിഷ് വാദകനായ പൃഥ്വിരാജ് സിനിമ മാത്രം നോക്കിയാല്‍ മതി, അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കേണ്ട…ലക്ഷദ്വീപ് വിഷയത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം.പുതിയ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥ്വിരാജിനെതിരെ വന്‍ പ്രതിഷേധവുമായാണ് ചിലര്‍ രംഗത്തെത്തിയത്.

മറ്റ് കാര്യങ്ങളിലൊന്നും സംസാരിക്കാത്ത നടന്‍ ഇപ്പോള്‍ മാത്രം സംസാരിച്ചത് മറ്റു ഉദ്ദേശങ്ങളുള്ളതുകൊണ്ടാണെന്നും കമന്റുകളുണ്ട്. വാരിയന്‍കുന്നന്‍ സിനിമയില്‍ അഭിനയിക്കുന്നതിനെ പരാമര്‍ശിച്ചും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകളില്‍ ലക്ഷദ്വീപിനെതിരെ നിരവധി വ്യാജ വിദ്വേഷ ആരോപണങ്ങളും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തന്നെ അവിടെ കാര്യങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മറ്റു ചിലരുടെ വാദം. ലക്ഷദ്വീപിനും പൃഥ്വിരാജിനുമെതിരെ ഉയര്‍ന്ന ഇത്തരം പ്രചാരണങ്ങളെ പൊളിച്ചുകൊണ്ടുള്ള മറുപടികളും വരുന്നുണ്ട്. നിലപാടെടുക്കുന്നവരെ അബദ്ധ വാദങ്ങളുയര്‍ത്തി തകര്‍ക്കാനാണ് സംഘപരിവാര്‍ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് മറുപടികളില്‍ പറയുന്നു. ലക്ഷദ്വീപ് വഴി പാകിസ്ഥാനും ചൈനയും ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്താനും ആക്രമിക്കാനും ശ്രമിക്കുന്നു, ലക്ഷദ്വീപില്‍ ഐ.എസ് തീവ്രവാദികളുണ്ട് എന്നിങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മറ്റു ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

മാസങ്ങളായി ലക്ഷദ്വീപ് ജനത നടത്തിവരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ക്രിമിനല്‍ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു നാടിനെതിരെയാണ് തീവ്രവാദമെന്നും അയല്‍രാജ്യങ്ങളുമായി ചേര്‍ന്ന് ആക്രമണംനടത്താന്‍ പദ്ധതിയെന്നുമെല്ലാം വ്യാജ പ്രചരണം നടത്തുന്നതെന്നും ജനങ്ങള്‍ക്ക് സത്യാവസ്ഥയറിയാമെന്നും മറുപടികളില്‍ പലരും പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെയാണ് പ്രതിഷേധമുയരുന്നത്.

ഈ പ്രതിഷേധത്തിന് പിന്തുണച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫേസ്ബുക്കിലെഴുതിയത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം നമ്മള്‍ കേള്‍ക്കേണ്ടതുണ്ടെന്നും അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയുന്ന, അവിടുത്തുകാര്‍ പറയുന്നതാണ് നമ്മള്‍ വിശ്വസിക്കേണ്ടതെന്ന് പൃഥ്വിരാജ് പറഞ്ഞു.