ചേതനയറ്റ ശരീരമായ സാഠെ പറന്നിറങ്ങി, കണ്ണീരടക്കാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

മുംബൈ: മൃത സംസ്കാരം ഇന്ന് 11/08.ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠെ കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും പറന്നുയുരുമ്പോള്‍ ഇത്തരത്തില്‍ ഒരു മടങ്ങി വരവ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല. ചേതനയറ്റ ശരീരമായാണ് മുംബൈയുടെ മണ്ണില്‍ സാഠെ പറന്നിറങ്ങിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിറകണ്ണുകളോടെയാണ് അദ്ദേഹത്തിന് വിട ചൊല്ലിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാപ്റ്റന്‍ പൈലറ്റ് ആയിരുന്നു ദീപക് സാഠെ.അപകടത്തില്‍ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് നിന്നും കൊച്ചി വിമാനത്താവളം വഴി ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ മുംബൈയില്‍ എത്തിച്ചു.ഭാര്യ സുഷമ, ഇളയ മകന്‍ ധനഞ്ജയ്, ക്യാപ്റ്റന്‍ സാഠെയുടെ സഹോദരി അഞ്ജലി, ഭര്‍ത്താവ് പ്രേശ്വര്‍ എന്നിവര്‍ അനുഗമിച്ചു.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ബാന്ദ്രയിലെ ബാബ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.യുഎസില്‍ ഉള്ള മകന്‍ ശന്തനു എത്തിയ ശേഷം ചൊവ്വാഴ്ചയാണ് സംസ്‌കാരം.

സാഠെയുടെ ഭാര്യ സുഷ്മ സാഠെയും മകന്‍ ധനഞ്ജയും

കൊച്ചി വിമാനത്താവളത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോയത്.കുടുംബാംഗത്തെയാണു നഷ്ടമായതെന്നും ക്യാപ്റ്റന്റെ കുടുംബത്തിനൊപ്പം എന്നും തങ്ങളുണ്ടാകുമെന്നും അനുശോചനച്ചടങ്ങില്‍ എയര്‍ ഇന്ത്യ എമര്‍ജന്‍സി റെസ്‌പോണ്‍സ് വിഭാഗം ഡയറക്ടര്‍ ഹര്‍പ്രീത് സിങ് പറഞ്ഞു.

പുണെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനകാലം മുതല്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. 2003ല്‍ ഞാന്‍ വ്യോമസേനയില്‍ നിന്നു വിരമിച്ചു. പിറ്റേവര്‍ഷം ദീപക് സാഠെയും. പിന്നീടു ഞങ്ങള്‍ എയര്‍ ഇന്ത്യയില്‍ ചേര്‍ന്നു. തുടര്‍ന്ന്, ദീപക് എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്കു മാറി.അപ്രതീക്ഷിതമാണ് ഈ വിടവാങ്ങല്‍.”- സാഠെയുടെ സുഹൃത്ത് ശരത് പണിക്കര്‍ പറഞ്ഞു.

അഖിലേഷിന്റെ സംസ്‌കാരം നടത്തി.കരിപ്പൂര്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ അഖിലേഷ് കുമാറിന്റെ മൃതദേഹം ശനിയാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി വഴി നാട്ടില്‍ എത്തിച്ചു.ജന്മനാടായയ ഉത്തര്‍ പ്രദേശിലെ മഥുരയില്‍ സംസ്‌കാരം നടത്തി.