പാലക്കാട് മാന്‍ വേട്ട: രണ്ട് പേര്‍ പിടിയില്‍, പോലീസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ ഒളിവില്‍

പാലക്കാട്: പാലക്കാട്  നെല്ലിയാമ്പതി വന മേഖലയില്‍ മാന്‍ വേട്ട. തളിപ്പാടത്ത് മാനിനെ കൊന്ന് മാംസമാക്കിയ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കി.

മലപ്പുറം നിലമ്ബൂര്‍ ചോക്കാട് സ്വദേശിയായ റസ്സല്‍, കരുവാരകുണ്ട് സ്വദേശിയായ ജംഷീര്‍ എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ മലപ്പുറം പൂക്കോട്ടുപാടം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷാഫി, കരുവാരകുണ്ട് സ്വദേശികളായ ഉമ്മര്‍, മന്നാന്‍, സഹദ് എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.

ഈ ആറംഗ സംഘം പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി വ്യാപകമായി മൃഗവേട്ട നടത്തിവരികയാണെന്ന് വനംവകുപ്പ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ മലപ്പുറത്ത് നിന്നും പിടികൂടിയത്. വയനാട് പുല്‍പ്പള്ളിയില്‍ വേട്ട നടത്തിയ മാംസം പ്രതികളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.