സർക്കാർ നിർദേശിച്ച പേരുകൾ തള്ളി, ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകി രാജ്ഭവൻ

തിരുവനന്തപുരം. എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളി ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനുള്ള സർക്കാർ ശുപാർശ തള്ളിക്കൊണ്ടാണ് ഗവർണറുടെ ഉത്തരവ്.

വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ പരാതിയിലായിരുന്നു കോടതിയുടെ നടപടി ഉണ്ടായത്.

അതേസമയം, മറ്റു വി സി മാരുടെ കാര്യത്തിൽ, ക്രമക്കേടുണ്ടെങ്കിൽ വൈസ് ചാൻസലർമാരുടെ നിയമനം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ നിർണായകമായ ഇടക്കാല ഉത്തരവ് കൂടി ഉണ്ടായിരിക്കുകയാണ്. ചാൻസലർക്ക് സുപ്രീംകോടതിയോട് മറുപടി പറയാൻ ബാദ്ധ്യതയുണ്ടെന്നും കോടതി പറയുകയുണ്ടായി. കോടതി വിധി പ്രകാരം ചാൻസിലർക്ക് വി സി നിയമന കാര്യത്തിൽ ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കാരണം കാണിക്കൽ നോട്ടീസിനെതിരെ വി സിമാർ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.