ഒറ്റക്ക്‌ ജീവിക്കാൻ,  കുടുംബത്തെ നോക്കാൻ പ്രാപ്‌തയായിട്ട്‌ മതി കല്യാണം, സന്തോഷത്തോടെ, സ്വസ്‌ഥതയോടെ ജീവിക്കാനുള്ള അവകാശം അവളുടേത്‌ കൂടിയാണ്‌

സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.18ൽ നിന്ന് 21ലേക്ക് ഉയർത്തുന്നതിനെ ഭൂരിഭാ​ഗം പേരും അനുകൂലിക്കുന്നുണ്ട്.ചുരുക്കം ചിലരെങ്കിലും അതിനെ എതിർക്കുന്നുമുണ്ട്.വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്.ആ വർഷങ്ങൾ കൊണ്ട്‌ ”ഞങ്ങൾടെ മോൾക്ക്‌ പ്രൈവറ്റ്‌ ബസിൽ കേറാൻ പോലുമറിയില്ല, അവൾ ഞങ്ങൾ അനുവദിച്ചാലേ മൂത്രമൊഴിക്കാൻ പോലും പോകൂ” എന്ന്‌ പറഞ്ഞ്‌ തത്തമ്മക്കുട്ടിയായി വളർത്തുന്നതിന്‌ പകരം ലോകം കാണിക്കണം. ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും വ്യക്‌തിത്വമുള്ളവളായി വേണമവൾ പങ്കാളിയോടൊപ്പം ജീവിച്ച്‌ തുടങ്ങാനെന്നാണ് ഡോ.കുറിപ്പിൽ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

സ്വന്തം മടിയിലിരിക്കുന്ന നൊന്ത് പെറ്റ കുഞ്ഞിന്റെ പേരിനോടൊപ്പം സ്വന്തം പേരോ അഡ്രസോ ഫോൺ നമ്പറോ പറയുന്നത്‌ വല്ലാത്തൊരു അപരാധമെന്ന ഭയത്തോടെ ”അവരുടെ കുട്ടിയല്ലേ?” എന്ന്‌ പറയുന്ന അമ്മമാരെ കണ്ടിട്ടുണ്ട്‌. മൂന്ന്‌ കിലോമീറ്ററപ്പുറമുള്ള ടൗണിൽ പോവാൻ മൂന്ന്‌ ദിവസം മുന്നേ റിക്വസ്റ്റ് പറഞ്ഞ്‌ കാത്തിരിക്കുന്ന സ്‌ത്രീകളെ കണ്ടിട്ടുണ്ട്‌. എന്തിന്‌, സ്വന്തം കുഞ്ഞിന്‌ ആക്‌സിഡന്റ്‌ പറ്റിക്കിടക്കുന്ന നേരത്ത്‌ ഡോക്ടർ മുറിവ്‌ തുന്നണമെന്ന്‌ പറയുമ്പോൾ ഗൾഫിലുള്ള ഭർത്താവിന്‌ വാട്ട്‌സ്ആപ്പ് മെസേജയച്ച്‌ വിളിക്കായി കാത്തിരുന്ന്‌…അനുവാദം കൊടുക്കാൻ ഭയന്ന്‌… ജന്മം തന്ന അമ്മക്ക്‌ വയ്യാതായാൽ അത്രടം പോവാൻ അനുമതിക്ക്‌ കാതോർത്ത്‌… വേറേം… എത്രയോ…ധൈര്യം മാത്രമല്ല ഇല്ലാത്തത്‌. പലപ്പോഴും, ഇതൊന്നും എങ്ങനെയെന്ന്‌ അവളെ പഠിപ്പിക്കില്ല. വിദ്യാഭ്യാസക്കുറവ്‌, പ്രായോഗിക അറിവിന്റെ കുറവ്‌, മുഖത്ത്‌ നോക്കി സംസാരിക്കുന്ന പെണ്ണ്‌ പിഴയാണെന്ന പൊതുബോധം… നാട്ടുകാരെന്ത് പറയും (അവരാണല്ലോ വീട്ടിൽ ചെലവിന്‌ തരുന്നത്‌!), ബന്ധുക്കളുടെ പ്രീതി… എല്ലാം, പെൺകുട്ടിയുടെ കാലിലെ മാത്രം ചങ്ങലകൾ. അവളുടെ മാത്രം സഹനം !

പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നതിനെ പൂർണമായും അനുകൂലിക്കുന്നു. എങ്ങനെരൊക്കെ നോക്കിയാലും ജീവിതത്തിൽ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തി നൽകുന്ന അത്രയെങ്കിലും അവൾ നിർബന്ധമായും പഠിക്കണം. ആ വർഷങ്ങൾ കൊണ്ട്‌ ”ഞങ്ങൾടെ മോൾക്ക്‌ പ്രൈവറ്റ്‌ ബസിൽ കേറാൻ പോലുമറിയില്ല, അവൾ ഞങ്ങൾ അനുവദിച്ചാലേ മൂത്രമൊഴിക്കാൻ പോലും പോകൂ” എന്ന്‌ പറഞ്ഞ്‌ തത്തമ്മക്കുട്ടിയായി വളർത്തുന്നതിന്‌ പകരം ലോകം കാണിക്കണം. ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും വ്യക്‌തിത്വമുള്ളവളായി വേണമവൾ പങ്കാളിയോടൊപ്പം ജീവിച്ച്‌ തുടങ്ങാൻ.

സ്വന്തമായി കൈയിൽ പത്ത്‌ രൂപ പോലും വെക്കാൻ അനുവദിക്കാതെ(എനിക്കെന്താ അതിന്റെ ആവശ്യമെന്ന്‌ ചോദിച്ചവരെത്രയോ. ചങ്ങല പാദസരമെന്ന്‌ തെറ്റിദ്ധരിച്ചതാവും !!), അഥവാ സമ്പാദിക്കുന്നവളെങ്കിൽ അത്‌ കൂടി വാങ്ങി വെച്ച്‌, സ്‌റ്റിയർ റിംഗിന്‌ മുൻപിൽ അയാൾ കേറി ഇരുന്നാലല്ലാതെ ചലിക്കാതെ, ആരോട്‌ മിണ്ടിയാലും ചിരിച്ചാലും അതിന്റെ ഓഡിറ്റ്‌ വരെ സഹിച്ച്‌ ഒരായുസ്സ്‌. വിദ്യാഭ്യാസക്കുറവ്‌, പ്രായോഗികജ്‌ഞാനമില്ലായ്‌മ, ലോകപരിചയം ഇല്ലാതിരിക്കുക തുടങ്ങി ദുരിതങ്ങളേറെയും തന്റേതല്ലാത്ത കാരണങ്ങളാൽ ലഭിച്ച ലിംഗമൊന്ന്‌ മാത്രം ഹേതുവായിക്കൊണ്ടെന്നത്‌ ഏറെ വിചിത്രം.ഒറ്റക്ക്‌ ജീവിക്കാൻ, തന്നെയും കുടുംബത്തെയും നോക്കാൻ അവളും പ്രാപ്‌തയായിട്ട്‌ മതി കല്യാണം. അങ്ങോട്ട്‌ പൊന്നും പണ്ടവും കാറും വീടും വേറെ വല്ലതും ഉണ്ടെങ്കിൽ അതും കൂടി കൊടുത്ത്‌ ഗ്ലോറിഫൈഡ്‌ വേലക്കാരിയാകാനല്ല പെൺമക്കൾ. സന്തോഷത്തോടെ, സ്വസ്‌ഥതയോടെ ജീവിക്കാനുള്ള അവകാശം അവളുടേത്‌ കൂടിയാണ്‌.വിവാഹപ്രായം കൂട്ടിയാൽ മാത്രം പോര, അക്കാലം കൊണ്ട്‌ അവൾ സ്വയംപര്യാപ്തത കൈവരിക്കണമെന്ന്‌ കൂടി നിയമം വരണം. ഒരുപാട്‌ ജീവിതങ്ങൾ രക്ഷപ്പെടും.