ദ്രൗപദി മുർമു, രാഷ്ട്രപതിയാകുന്ന ആദ്യ ഗോത്ര വർഗനേതാവ്

ദ്രൌപദി മുർമു. ഒഡീഷയിലെ മയൂർബഞ്ചിലെ ഒരുൾനാടൻ ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുമ്പോൾ കുറിക്കപ്പെടുകയാണ് പുതു ചരിത്രം. ഒഡീഷയിലെ സന്താൾ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൌപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ പെൺകുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്.

ഒഡീഷയിലെ സന്താൾ ഗോത്ര വർഗ വിഭാഗത്തിൽപ്പെട്ടയാളാണ് ദ്രൌപദി മുർമു. ഉപർഭേദയിലെ അവരുടെ ഗ്രാമത്തിൽ ആദ്യമായി കോളേജ് വിദ്യാഭ്യാസം നേടിയ പെൺകുട്ടി. അവിടെ തുടങ്ങിയ വെല്ലുവിളികളിൽ ഒന്നിലും പതറാതെ പോരാടിയാണ് ദ്രൗപദി മുർമു റെയ്സിന കുന്നിലെ രാഷ്ട്രപതി ഭവനിലെത്തുന്നത്. ഭുവനേശ്വറിലെ രമാ ദേവി സർവകലാശാലയിൽ നിന്ന് ആർട്സിലായിരുന്നു ബിരുദം. ആദ്യ ജോലി, ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായി. പിന്നീട്  സ്കൂൾ അധ്യാപികയായും പ്രവർത്തിച്ചു. അധ്യാപികയായിരുന്ന കാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 1997ൽ മുർമ്മു റായ്റംഗ്പൂർ മുൻസിപ്പൽ കൗൺസിലറായി.

അക്കാലത്ത് ഒഡീഷയിൽ മികച്ച നേതാക്കളെ തേടിയിരുന്ന ബിജെപിക്ക് ദ്രൌപദി മുർമു മുതൽക്കൂട്ടായി. ബിജെഡി–ബിജെപി സഖ്യം മത്സരിച്ച രണ്ടായിരത്തിലും രണ്ടായിരത്തി നാലിലും രണ്ട് തവണ മുർമു ഒഡീഷയിൽ എംഎൽഎ ആയി. നാല് വർഷം സംസ്ഥാനത്തെ മന്ത്രിയായി. ട്രാൻസ്പോട്ട്, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 2009ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെഡി–ബിജെപി സഖ്യം തകർന്നതിനാൽ മുർമു പരാജയപ്പെട്ടു.