അപകടകാരികളായ നായകളുടെ മറവിൽ കഞ്ചാവ് വിൽപ്പന, പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ

കോട്ടയം : കോട്ടയം കുമാരനല്ലൂരിൽ നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതി റോബിന്‍ ജോര്‍ജ് പിടിയിൽ. പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. പിന്നാലെ തമിഴ്‌നാട്ടിൽ നിന്നും ഇയാളെ അന്വേഷണസംഘം പിടികൂടുകയായിരുന്നു.

പ്രതി നടത്തിയിരുന്ന ‘ഡെല്‍റ്റ കെ-9’ എന്ന നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്. നായകളെ പരിശീലിപ്പിക്കുന്നതിന്റെ പേരില്‍ വാടകയ്ക്ക് വീടെടുത്ത് റോബിന്‍ ജോര്‍ജ് എന്നയാളാണ് ലഹരിവില്‍പ്പന നടത്തിയിരുന്നത്. പതിമൂന്നോളം നായ്ക്കളാണ് ഇയാളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. ആരും ഇവിടേയ്ക്ക് കടക്കാതിരിക്കാനായി അപകടകാരികളായ നായകളെ എല്ലാ സമയവും തുറന്നു വിട്ടേക്കും.

കാക്കി കണ്ടാല്‍ കടിക്കാന്‍ വരെ ഇയാള്‍ നായകളെ പരിശീലിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു. അമേരിക്കന്‍ ബുള്ളി, പിറ്റ്ബുള്‍ തുടങ്ങിയ മുന്തിയ ഇനത്തിലുള്ള നായകളാണ് റോബിന്റെ വീട്ടിലുണ്ടായിരുന്നത്. ഇവയെ പരിശീലിപ്പിക്കുന്ന നിരവധി വീഡിയോകള്‍ ഇയാളുടെ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. വളര്‍ത്തുനായകളെ പരിശീലിപ്പിക്കുന്നതിന് പുറമേ ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു. നായ്ക്കള്‍ക്ക് പുറമേ ആമകളെയും വിവിധതരം മത്സ്യങ്ങളെയും ഇയാള്‍ വളര്‍ത്തിയിരുന്നു.

എന്നാൽ രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബൈക്കുകളിലും കാറുകളിലുമായി ഇവിടെ എത്തിയിരുന്നതായാണ് സമീപവാസികള്‍ പറയുന്നത്. ചില രാത്രികളില്‍ വലിയ പ്രകാശമുള്ള ലൈറ്റുകള്‍ തെളിച്ച് നൃത്തവും സംഗീതവും എല്ലാം ഉണ്ടാകാറുള്ളതായും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് റോബിനെതിരെ കേസെടുത്തത്.