ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് മൂന്നേകാലോടെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടുകാലം മലയാളസിനിമയിലെ ഡബ്ബിംഗ് രംഗത്തെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. സംവിധായകൻ ദീപൻ മകനാണ്. 3700-ഓളം ചിത്രങ്ങളിൽ ആനന്ദവല്ലി ശബ്ദം നൽകിയിട്ടുണ്ട്.

കെപിഎസിയിലൂടെ നാടകരംഗത്തും പിന്നീട് സിനിമയിലുമെത്തിയ ആനന്ദവല്ലി, എൺപതുകളിലാണ് തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറുന്നത്. ഇതരഭാഷകളിൽ നിന്ന് കേരളത്തിൽ നായികമാരായി എത്തിയ പൂർണിമ ജയറാം, ഗീത, സുഹാസിനി, ഗൗതമി എന്നിവരുൾപ്പടെ നിരവധിപേർക്ക് ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ പൂ‌ർണിമാ ജയറാമിന് ശബ്ദം നൽകിയതോടെയാണ് അവർ ശ്രദ്ധേയയാകുന്നത്. ‘ആധാരം’ എന്ന ചിത്രത്തിൽ ഗീതയ്ക്ക് ശബ്ദം നൽകിയ ആനന്ദവല്ലിക്ക് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

മണിപ്പുഴവീട്ടിൽ രാമൻ പിള്ളയുടേയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായി കൊല്ലം വെളിയത്താണ് ആനന്ദവല്ലി ജനിച്ചത്. കലയിലുള്ള അച്ഛന്‍റെ താൽപര്യം ആനന്ദവല്ലിയെ കലാരംഗത്ത് എത്തിച്ചു. പതിനാലാം വയസ്സിലാണ് പ്രൊഫഷണൽ നാടകരംഗത്ത് എത്തുന്നത്. 1969-ൽ കോട്ടയം ചെല്ലപ്പന്‍റെ ‘ചിതല് കയറിയ ഭൂമി’ എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അത് കാണാനെത്തിയ പ്രശസ്തനാടകകൃത്ത് ഒ മാധവൻ ആനന്ദവല്ലിയെ കാളിദാസകലാകേന്ദ്രത്തിലേക്ക് ക്ഷണിച്ചു. അവിടെ കെ ടി മുഹമ്മദിന്‍റെ മുത്തുച്ചിപ്പി എന്ന നാടകത്തിൽ ആനന്ദവല്ലി ഒരു ശ്രദ്ധേയവേഷം ചെയ്തു. ശബ്ദനിയന്ത്രണമുൾപ്പടെ ആനന്ദവല്ലി പഠിച്ചത് കെ ടി മുഹമ്മദിൽ നിന്നാണ്.

1970ല്‍ 19-ാം വയസ്സില്‍ ആനന്ദവല്ലി അകന്ന ബന്ധു കൂടിയായ ചന്ദ്രശേഖരപിള്ളയെ വിവാഹം കഴിച്ചു. നാടകത്തിനായി തിരുവനന്തപുരത്ത് താമസമാക്കിയ സന്ദർഭത്തിലാണ് കെപിഎസിയിൽ നിന്നും ക്ഷണം ലഭിക്കുന്നത്. ആദ്യം അഭിനയിച്ച നാടകം അഗ്നിപർവ്വമായിരുന്നു. ‘എനിക്ക് മരണമില്ല’ എന്ന കണിയാപുരം രാമചന്ദ്രന്‍റെ നാടകത്തിലെ അഭിനയത്തിന് ആനന്ദവല്ലിക്ക് 1978ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

അവിടെ നിന്നാണ് തോപ്പിൽ ഭാസിയുമായുള്ള പരിചയത്തിലൂടെ അവർ സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികളാണ് ആനന്ദവല്ലി അഭിനയിച്ച ആദ്യചിത്രം. ദേവി കന്യാകുമാരി എന്ന മെറിലാൻഡ് ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ആനന്ദവല്ലി ഡബ്ബ് ചെയ്യുന്നത്. ഒരു വർഷത്തിൽ നൂറിലധികം ചിത്രങ്ങൾ പുറത്തു വന്നിരുന്ന ആ കാലഘട്ടത്തിൽ മിക്ക സിനിമകളിലും അവർ ശബ്ദം നൽകി. പല ചിത്രങ്ങളിലും ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ക്ക് അവർ ശബ്ദം നല്‍കി. ഇതിനിടയിൽ കുറച്ചു കാലം ആകാശവാണിയിൽ അനൗൺസറായും ജോലി നോക്കി.

ഏറ്റവുമൊടുവിൽ മണിവത്തൂരിലെ ആയിരം ശിവരാത്രികളിൽ സുഹാസിനി, പഞ്ചാഗ്നിയിൽ ഗീത, സുകൃതത്തിലെ ഗൗതമി, ഭരതത്തിലെ ലക്ഷ്മി, കന്മദത്തിലെ മുത്തശ്ശി, ആകാശദൂതിലെ മാധവി എന്നിവയെല്ലാം ആനന്ദവല്ലിയുടെ കരിയറിലെ ശ്രദ്ധേയപ്രകടനങ്ങളാണ്.