സിവില്‍ സര്‍വീസില്‍ ചരിത്രം കുറിച്ച് ശ്രീധന്യ

കേരഴളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സിവില്‍ സര്‍വീസ് നേടി, കുറിച്യ വിഭാഗത്തിന് അഭിമാനമായി ശ്രീധന്യ. 410 ാം റാങ്ക ആണ് വയനാട്കാരിയായ ശ്രീധന്യ സ്വന്തമാക്കിയിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശായില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദധാരിയാണ് ശ്രീധന്യ. വയനാട് പൊഴുതന ഇടിയംവയലിലാണ് ശ്രീധന്യയുടെ വീട്. ഇടിയംവയല്‍ കോളനിയിലെ സുരേഷ്- കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.

അടിസ്ഥാനപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുമെന്നാണ് വിശ്വാസമെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയത്തിന് ശേഷം ശ്രീധന്യ പ്രതികരിച്ചു.ശ്രീധന്യയെ കൂടാതെ ആര്‍ ശ്രീലക്ഷ്മി(29), രഞ്ജിനാ മേരി വര്‍ഗീസ് (49), അര്‍ജുന്‍ മോഹന്‍(66) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.

ആദ്യ 25 റാങ്ക് ജേതാക്കളില്‍ പതിനഞ്ചുപേര്‍ പുരുഷന്മാരും പത്തു സ്ത്രീകളുമാണുള്ളത്. 759 പേരാണ് നിയമനത്തിന് യോഗ്യത നേടിയിട്ടുള്ളത്. ഇവരില്‍ 577 പുരുഷന്മാരും 182 സ്ത്രീകളും ഉള്‍പ്പെടുന്നു. 2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയ്ക്ക് 10648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1994 പേരാണ് പങ്കെടുത്തത്.