അമ്പിളിയുടെ ശബ്ദം നിലച്ചപ്പോൾ ശബ്ദ ലോകത്തിന് തീരാനഷ്ടം

അമ്പിളിയുടെ ശബ്ദം നിലച്ചപ്പോൾ ശബ്ദ ലോകത്തിന് തീരാനഷ്ടം.അഞ്ഞൂറോളം സിനിമകള്‍ക്ക് അമ്പിളി ശബ്ദം നല്‍കി.

അമ്പിളി തൈക്കാട് ശാന്തികവാടത്തില്‍ എരിഞ്ഞടങ്ങുമ്പോൾ അവരുടെ കഴിവിനനുസരിച്ചുളള അംഗീകാരം അവർക്ക് ലഭിച്ചിട്ടില്ലെന്നതും ഓർക്കേണ്ട വസ്തുതയാണ് . .. .

പഴയകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായിരുന്ന പാലാ തങ്കത്തിന്റെ മകളാണ് അമ്പിളി.ഭക്‌തകണ്ണപ്പ എന്ന കന്നഡ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റത്തിലാണ് എട്ടു വയസ്സായിരിക്കെ അമ്പിളി ആദ്യമായി ശബ്ദം നല്‍കിയത്. കന്നത്തില്‍ മുത്തമിട്ടാല്‍, ഇംഗ്ലിഷ് വിംഗ്ലിഷ്, കഹാനി തുടങ്ങി ഒട്ടേറെ അന്യഭാഷാ ചിത്രങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയപ്പോള്‍ നായികമാര്‍ക്കു ശബ്ദം നല്‍കിയതും അമ്പിളിയായിരുന്നു.മോനിഷയുടെ ആദ്യചിത്രമായ നഖക്ഷതങ്ങൾ മുതൽ അവസാനചിത്രം വരെ മോനിഷക്കായി ശബ്ദം നൽകി ആ കഥാപാത്രങ്ങളെ കരുത്തുറ്റതാക്കി.

മലയാളം–തമിഴ് സീരിയൽ ഡബിംഗ് രംഗത്തും അന്യാഭാഷാ മൊഴിമാറ്റ ചിത്രങ്ങളിലും സജീവമായിരുന്ന അമ്പിളി ശോഭനക്കും ജോമോൾക്കും ശാലിനിക്കുമെല്ലാം ശബ്ദം നൽകിയിട്ടുണ്ട്. ഇവർക്ക് പുറമെ രോഹിണി, അംബിക, റാണിപത്മിനി, പാര്‍വതി, രഞ്ജിനി, ലിസി, സിതാര, ശാരി, ഉര്‍വശി, ചിപ്പി, സിതാര, പ്രിയാരാമന്‍, എന്നിവര്‍ക്കും അമ്പിളി തന്റെ ശബ്ദം നല്‍കി.സീരിയൽ രംഗത്തെ ശബ്ദമായി നിൽക്കുമ്പോളാണ് മരണം അർബുദ രൂപത്തിൽ അവരെ കീഴ്പ്പെടുത്തുന്നത്.

മക്കള്‍: വൃന്ദ (എസ്ബിഐ), വിദ്യ (വിദ്യാര്‍ഥിനി), മരുമകന്‍: അരവിന്ദ്.