വായനദിനത്തിൽ വായനയുടെ മാഹാത്മ്യവുമായി കർമ്മ ന്യൂസിൽ ഡഗ്ളസ് ജോസഫ്

ഇന്ന് ( ജൂൺ 19 ) ലോക വായനദിനമായി ആചരിക്കുന്നു.. വായനാ ശീലം പ്രത്യേകിച്ചും ന്യൂ ജനറേഷൻ പിള്ളാരുടെ ഇടയിൽ തീർത്തും ഇല്ലാതെയായിരിക്കുന്നുവെന്ന് പരിതപിക്കുന്നവരുണ്ട്. എന്നാൽ ഒരുകാലത്തു തീരെ കുറഞ്ഞിരുന്ന പുസ്‌തക വായന ഡിജിറ്റൽ യുഗത്തിന്റെ പിറവിയോടുകൂടി ഇ- വായനയായി പുനരവതരിച്ചിട്ടുണ്ട് എന്ന് വാദിക്കുന്നവരുമുണ്ട്.

മലയാളിയുടെ വായനസംസ്കാരത്തിന് ദിശാബോധം നൽകി കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരള സർക്കാർ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജന്മനാട്ടിൽ ‘സനാതനധർമം’ എന്ന വായനശാല’ സ്ഥാപിച്ചുകൊണ്ടാണ് കേരളക്കരയാകെ പടർന്നു പന്തലിച്ച വട വൃക്ഷമായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പി .എൻ പണിക്കർ തുടക്കം കുറിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക” എന്ന ആഹ്വാനം നടത്തി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് ആഗ്രഹിച്ച അദ്ദേഹം അതിനായി അക്ഷീണം പ്രവർത്തിച്ചു. ആഗോള തലത്തിൽ വായനാ ശീലം പരിപോഷിപ്പിക്കുന്നതിനായി യുനെസ്‌കോയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കുന്നു. വായനയുടെ പ്രാധാന്യം ഗൾഫിലെ ഭരണാധികാരികൾ മനസിലാക്കിയതിന്റെ ഉദാഹരണമാണ് യു .എ .ഇ 2016 വായനാ വർഷമായി ആചരിച്ചത്

ലോകപ്രശസ്തനായ തത്വചിന്തകനും, എഴുത്തുകാരനുമായ ഫ്രാൻസിസ് ബേക്കൺ വായനയെപ്പറ്റി പറഞ്ഞത് ചിന്തയനീയമാണ്. ”ചില പുസ്തകങ്ങൾ രുചിച്ചു നോക്കണം, ചിലത് വിഴുങ്ങണം, എന്നാൽ വളരെ കുറച്ചു പുസ്തകങ്ങൾ മാത്രം നന്നായി ചവച്ചരച്ചു, ദഹിക്കാൻ പാകത്തിൽ കഴിക്കണം”. എന്ത് വായിക്കണം, എങ്ങനെ വായിക്കണം, വായിച്ചു നേടുന്ന അറിവുകൾ ദീർഘ നാളത്തേക്ക് എങ്ങനെ ഓർമയിൽ സൂക്ഷിക്കാം, പുസ്തകങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം, വായനയെ എങ്ങനെ ജീവിത വിജയത്തിന്റെ പടവുകളാക്കാം തുടങ്ങിയ കാര്യങ്ങളിൽ പുതു തലമുറ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് ബേക്കണിന്റെ വാക്കുകൾ വിളിച്ചോതുന്നു .

അക്ഷരമാല (Alphabets) ഏതു ഭാഷയിലെതുമാവട്ടെ പഠിച്ചുകഴിഞ്ഞ കുട്ടികൾക്ക് വായിക്കാൻ പറ്റുന്ന ലളിതമായ, ചിത്രങ്ങൾ ഉള്ള കഥ പുസ്തകങ്ങൾ വായിക്കാൻ കൊടുക്കാം. കുട്ടിയുടെ ആദ്യ ഗുരുക്കന്മാർ മാതാപിതാക്കന്മാരാണ്. ആദ്യമൊക്കെ കഥ വായിച്ചു കൊടുക്കാം. ബാലരമ, ബാലമംഗളം തുടങ്ങിയവായിരുന്നു ഒരുകാലത്തു കുട്ടികളെ വായനയുടെ ലോകത്തേക്ക് ആനയിച്ചിരുന്നത്. മായാവി, കപീഷ് , ഫാൻറം, ശിക്കാരി ശംഭു തുടങ്ങിയ അദ്ഭുത മനുഷ്യരും, അമാനുഷരായവരും,മൃഗങ്ങളും, പ്രാണികളും, പക്ഷികളും ഒക്കെ കഥാപാത്രങ്ങളായ കഥകൾ കുട്ടികളിൽ അറിവും, ഭാവനയും വളർത്തിയിരുന്നു.

ഇന്ന് കഥകൾ വായിച്ചുകൊടുക്കുന്നതിനോ, കുട്ടികളെ വായിക്കാൻ സഹായിക്കുന്നതിനോ മാതാപിതാക്കൾ മിനക്കെടാറില്ല. സി.ഡി പ്ലേ ചെയ്തോ, യു ട്യൂബിലെ വിഡിയോകൾ കാണിച്ചോ കൊച്ചുകുട്ടികളെ കഥകളിലൂടെ വിജ്ഞാനത്തിന്റെയും , വിനോദത്തിന്റെയും ലോകത്തേക്ക് ആനയിക്കാനാണ് എളുപ്പവഴിയിലൂടെ ശ്രമിക്കുന്നത്. ഇതിൽ ഒളിച്ചിരിക്കുന്ന അപകടം മാതാപിതാക്കൾ തിരിച്ചറിയുന്നില്ല. പണ്ടൊക്കെ ചിത്രകഥാ പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്ന കുട്ടികൾ അടുത്തപടിയായി ഗുണപാഠ കഥകൾ, ഇതിഹാസ കഥകൾ, നാടോടിക്കഥകൾ എന്നിവയിലേക്കു തിരിയുമായിരുന്നു എന്നാൽ ഇന്ന് ഇൻറർനെറ്റിൽ സ്റ്റോറി വീഡിയോകൾ കണ്ടു തുടക്കം കുറിക്കുന്ന കുട്ടികൾ അടുത്തതായി നേരെ കാർട്ടൂണുകൾ കാണാനും ഗെയിം കളിക്കാനും തുടങ്ങുന്നു. ഇതാണ് ഡിജിറ്റൽ വായനയുടെ പ്രശ്‌നം.

വായന എന്നത് നല്ല ക്ഷമയും, താല്പര്യവും വേണ്ട പ്രക്രിയയാണ്. കുട്ടികളെ അവർ അക്ഷരം പഠിച്ചു തുടങ്ങുമ്പോൾ തന്നെ, കഥകൾ വായിച്ചു കൊടുത്തും, ചെറിയ കഥകൾ വായിപ്പിച്ചും പുസ്തക വായനയുടെ പരിശീലനം കൊടുത്തില്ലെങ്കിൽ അവർ ടാബിലോ മൊബൈലിലോ കാർട്ടൂൺ കണ്ടും , ഗെയിം കളിച്ചും സമയം കളയുമെന്നു മാത്രമല്ല പഠനത്തിൽ താല്പര്യമില്ലാത്ത, വായിക്കാൻ ഇഷ്ടമല്ലാത്ത, അറിവും, ഭാവനയും, ആശയങ്ങളും ഇല്ലാത്തവരായി മുരടിച്ചു പോകും.

ചിത്രകഥകളുമായി വായനയുടെ ലോകത്തേക്ക് പിച്ച വയ്‌ക്കുന്ന കുട്ടികൾക്ക് അടുത്തപടിയായി ഗുണ ഗുണപാഠ കഥകൾ (moral stories ) നാടോടിക്കഥകൾ ( fables ), ഇതിഹാസ കഥകൾ ( epics ) ഇവ വായിക്കാൻ കൊടുക്കാം. കഥകളുടെ ഭണ്ഡാരമായ ആയിരത്തൊന്നു രാവുകളിലെ സിന്ദ്ബാദിന്റെ കടൽ യാത്രകൾ , ആലിബാബയും നാല്പത് കള്ളന്മാരും, അലാവുദ്ദീനും അദ്ഭുതവിളക്കും തുടങ്ങിയവ കുട്ടികളെ വായനയുടെ ആനന്ദത്തിൽ ആറാടിക്കും .

നാടോടി ഗുണപാഠ കഥകളായ ഇന്ത്യയിലെ പഞ്ചതന്ത്രം കഥകൾ, ജാതകകഥകൾ, യൂറോപ്പിലെ ഈസോപ്പുകഥകൾ, അക്ബറും ബീർബലും, വേതാളകഥകൾ ഇവ പ്രസിദ്ധങ്ങളാണ് .ഇതിഹാസ കഥകളായ ഇന്ത്യയിലെ മഹാഭാരതവും രാമായണവും ഗ്രീക്കിലെ ഇലിയഡും ഒഡീസിയും ഒക്കെ കുട്ടികൾക്ക് വായിക്കാൻ വാങ്ങി നൽകാം. കുട്ടികളുടെ ജന്മദിനത്തിന് സമ്മാനമായി പുസ്തകങ്ങൾ നൽകുന്ന മാതാപിതാക്കന്മാരെ ഈ ലേഖകനറിയാം.

കുട്ടികളുടെ പത്ര പാരായണവും പ്രോത്സാഹിപ്പിക്കേണ്ടതാണ്. അഞ്ചാം ക്ലാസ്സ്‌ മുതലുള്ള കുട്ടികളെ പത്രം വായിക്കാൻ പ്രേരിപ്പിക്കണം. സ്ഥിരമായി പത്രം വായിക്കുന്നത് അവരുടെ ഭാഷാ ജ്ഞാനം, പൊതു വിജ്ഞാനം ഇവ വളർത്താൻ സഹായിക്കും.

മുതിർന്ന കുട്ടികൾ മഹാൻമാരുടെ ജീവ ചരിത്രങ്ങൾ (biographies) പ്രചോദനാത്മക (motivational ) പുസ്‌തകങ്ങൾ, വിശ്വ സാഹിത്യത്തിലെ ക്ലാസിക്കൽ രചനകൾ, നോവലുകൾ ,പൊതുവിജ്ഞാനം , സയൻസ് ഫിക്ഷൻ മേഖലകളിലെ പുസ്തകങ്ങൾ തുടങ്ങിയ വായിക്കണം. ഷേക്‌സ്പിയർ, ചാൾസ് ഡിക്കൻസ്, ജെ.കെ റൗളിങ് , ലിയോ ടോൾസ്റ്റോയ് , മാർക്ക് ട്വയിൻ, ഓസ്കാർ വൈൽഡ്, ആർതർ കൊനാൻ ഡോയൽ തുടങ്ങിയ വിശ്വ പ്രതിഭകളായ സാഹിത്യകാരന്മാരുടെ കൃതികൾ തീർച്ചയായും വായിക്കേണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തണം.

ഇന്ന് ഏതു വിജ്ഞാവും നമ്മുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന ഗൂഗിൾ എന്ന സർവ്വ വിജ്ഞാന സംഭരണിയിൽ നിന്നും വായനയിലൂടെ അറിവിന്റെ അമൃത് ആർക്കും ആവോളം നുകരാം. സൂര്യനു കീഴിലുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരിക വിവരം തരുന്ന ഇ – ബുക്കുകൾ സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്ന നിരവധി സൈറ്ററുകളുണ്ട്.

വായനയുടെ മാഹാത്മ്യം അവർണനീയമാണ്. ‘ശരീരത്തിനു വ്യായാമം പോലെ മനസിന് വായന ആവശ്യമാണ്’ എന്ന ജോസഫ് അഡിസന്റെ വാക്കുകൾ ശ്രദ്ധേയമാണ്. ‘വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും, വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും’ എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ നമ്മുടെ പുതു തലമുറയെ സമൂഹത്തിന് മുതൽക്കൂട്ടാവുന്ന ഉത്തമ പൗരന്മാരായി വാർത്തെടുക്കുന്നതിൽ വായനക്കുള്ള പങ്ക് വിളിച്ചോതുന്നു.
[email protected]