കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട്, 92-കാരിയുടെ വോട്ട് രേഖപ്പെടുത്തി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി, ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : വീട്ടിൽ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ 92-കാരിയുടെ വോട്ട് രേഖപ്പെടുത്തിയത് സിപിഎം നേതാവെന്ന് പരാതി. കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പാറക്കടവിൽ ദേവി എന്ന വയോധിക വീട്ടിൽ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കാസർകോട് മണ്ഡലത്തിലാണ് സംഭവം. കണ്ണൂർ ജില്ലാ കളക്ടർ പോലീസിൽ‌ പരാതി നൽകി.

കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ​ഗണേഷനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബൂത്ത് ഏജൻ്റാണ് ​ഗണേഷൻ. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായി എന്നാണ് ജില്ലാ കളക്ടർ നൽകിയ റിപ്പോർ‌ട്ടിലുള്ളത്. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171സി വകുപ്പിന്റെ ലംഘനമാണ് സംഭവിച്ചതെന്നും മറ്റ് ഉദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. വോട്ട് കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ബൂത്ത് ഏജന്റുമാരെ നിയോ​ഗിച്ചിരിക്കുന്നത്. എന്നാൽ ഇത് ദുരുപയോ​ഗം ചെയ്യപ്പെടുകയായിരുന്നു.