ഭാര്യക്ക് ഫാനിൽ കുരുക്കിട്ട് കൊടുത്ത് ഭർത്താവ് രക്ഷപ്പെട്ടു, അറസ്റ്റ്

യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള സന്തോഷ് കവലയിൽ കാവുങ്കൽ സുനിൽ കുമാറാണ് അറസ്റ്റിലായത്. ചൊവ്വാവ്ച രാത്രിയാണ് സുനിൽ കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ചത്.

കുടുംബ പ്രശ്നങ്ങൾ കാരണം ദമ്പതികൾ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ ഭാര്യയ്‌ക്ക് തൂങ്ങാനുള്ള കയർ ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കിട്ട് കൊടുത്ത ശേഷം സുനിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മുക്കൂട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് സൗമ്യ. സ്വകാര്യവാഹനത്തിലെ ഡ്രൈവറാണ് സുനിൽ കുമാർ.

സുനിലിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സൗമ്യയുടെ അച്ഛൻ ശശിയുടെ പരാതിയിലാണ് വെച്ചുച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മകൾ മരിച്ചവിവരം സുനിൽകുമാറാണ് അറിയിച്ചതെന്ന് ശശി പൊലീസിന് മൊഴി നൽകി. ശശിയുടെ മൊഴിയിൽ വെച്ചൂച്ചിറ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.