സുരക്ഷ മുഖ്യം, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കോണ്ടം, ബിൽ നടപ്പിലാക്കില്ലെന്ന് ഗവർണർ

കാലിഫോർണിയ : ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി കോണ്ടം (ഗർഭനിരോധന ഉറ) വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബിൽ തള്ളി കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം. ഇതിന് 30 ബില്യൺ ഡോളറിൽ കൂടുതൽ ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടിയാണ് ബിൽ തള്ളിയത്. കാലിഫോർണിയയിൽ 4000 ഹൈസ്‌കൂളുകളാണുള്ളത്. കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ ഇവിടെ 19 ലക്ഷത്തിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ഈ ബിൽ പാസാക്കിയാൽ വാർഷിക ബജറ്റ് താളം തെറ്റും. മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഫണ്ടില്ലാത്ത അവസ്ഥ വരുമെന്ന് ഗവർണർ വ്യക്തമാക്കി. വിദ്യാർത്ഥികളെ ലൈംഗിക അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ പദ്ധതിയിട്ടാണ് ഈ ബിൽ പാസാക്കിയത്. കാലിഫോർണിയയിലെ പൊതു വിദ്യാലയങ്ങളിൽ ഒമ്പത് മുതൽ 12 ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്ക് സൗജന്യമായി കോണ്ടം വിതരണം ചെയ്യമെന്നാണ് ബില്ലിലെ ആവശ്യം.

എന്നാൽ സാമ്പത്തികമായി അധിക ബാദ്ധ്യത സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഗവർണർ ബിൽ തള്ളുകയായിരുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടാൻ തീരുമാനിക്കുന്ന യുവാക്കളെയും പങ്കാളികളെയും സംരക്ഷിക്കുന്നതിനും (ലൈംഗികമായി പകരുന്ന അണുബാധകളിൽ നിന്ന്) മറ്റ് തടസ്സങ്ങൾ നീക്കുന്നതിനും ബിൽ സഹായിക്കുമെന്ന് ലോസ് ഏഞ്ചൽസിൽ നിന്നുള്ള അംഗവും ബിൽ അവതരിപ്പിച്ചയാളുമായ സ്റ്റേറ്റ് സെനറ്റർ കരോലിൻ മെൻജിവർ പറഞ്ഞു.

ഈ ബിൽ നടപ്പാക്കുകയാണെങ്കിൽ സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേർപ്പെടാൻ കൗമാരക്കാരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ബിൽ നടപ്പാക്കിയാൽ അനധികൃതമായി കോണ്ടം വിൽപന നടത്തുന്നവരെ തടയാൻ സാധിക്കുമായിരുന്നു.