ചുരുളിയിലെ തെറിയെ കുറിച്ച് മാത്രമല്ല ചര്‍ച്ചയാകേണ്ടത്, ഗീതി സംഗീത പറയുന്നു

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത പുതിയ ചിത്രം ചുരുളിക്ക് സമ്മിശ്ര പ്രതികരണമാണ്. ചിത്രത്തിലെ തെറി പ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തില്‍ അഭിനയിച്ച് ഗീതി സംഗീത. ട്രെയിര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഗീതിയുടെ ശബ്ദവും കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

ഒറ്റ കാഴ്ചയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു ചിത്രമല്ല ചുരുളി. എന്നാല്‍, ചുരുളിയിലെ ലെയറുകള്‍ മനസിലാക്കാന്‍ ബുദ്ധിജീവി ആകണമെന്നൊന്നും തോന്നിയിട്ടില്ല. അങ്ങനെയെങ്കില്‍ മനസിലാകേണ്ടതല്ലല്ലോ. ചുരുളിയിലെ തെറിയെ കുറിച്ചല്ലാതെ അതിന്റെ കാഴ്ചകളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും ചര്‍ച്ചകള്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്.

ചുരുളിയുടെ ക്യാമറ, കഥാപാത്രങ്ങളുടെ പ്രകടനം, ആര്‍ട്, മ്യൂസിക്, ഗ്രാഫിക്സ്… അങ്ങനെ എത്രയെത്ര മേഖലകളുണ്ട്. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ ഇവയെക്കുറിച്ചെല്ലാം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗീതി സംഗീതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്രെയ്ലറില്‍ കാണിക്കുന്ന അലര്‍ച്ചയെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.

ആ സീനില്‍ അതു ചെയ്യണമെന്നു തന്നോട് ആവശ്യപ്പെട്ടിരുന്നില്ല. ആ സീന്‍ എടുക്കുമ്പോള്‍ ഇങ്ങനെ അലറണമെന്ന് തനിക്കും പ്ലാന്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അതങ്ങനെ സംഭവിക്കുകയായിരുന്നു. ചെമ്പന്‍ ചേട്ടനുമായുള്ള കോമ്പിനേഷനില്‍ അങ്ങനെ വന്നതാണ്, ഗീതി സംഗീത വ്യക്തമാക്കി.