മലദ്വാരത്തിലും, പേനയുടെ റീഫിലിനുള്ളിലും വസ്ത്രങ്ങളിലും സ്വർണ്ണം, ഷിഹാബിനെ പൊക്കിയത് നാടകീയമായി

മലപ്പുറം . കരിപ്പൂരിൽ സ്വർണക്കടത്തിനു വ്യത്യസ്ത രീതികളും മാർഗങ്ങളും തേടുകയാണ് സ്വർണ്ണ കള്ളക്കടത്തുകാർ. ശനിയാഴ്ച ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നുമായി മലദ്വാരത്തിലും, പേനയുടെ റീഫിലിനുള്ളിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുവച്ചു കടത്തി കൊണ്ട് വന്ന 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോയോളം സ്വർണ്ണം എയർ കസ്റ്റംസ്‍ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.

ദുബായിൽനിന്നും ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ എത്തിയ മലപ്പുറം കെപുരം സ്വദേശി വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന നാലു ബോൾ പോയിന്റ് പേനകൾ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുമ്പോഴാണ് റീഫിലിനുള്ളിൽ സ്വർണ റോഡുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. ഏകദേശം രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന 42 ഗ്രാം തൂക്കമുള്ള നാലു സ്വർണറോഡുകളാണ് എയർ കസ്റ്റംസ്‍ കണ്ടെത്തുന്നത്.

എയർ കസ്റ്റംസിന്റെ പിടിയിലായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ബേലികോത്ത് ഷാനവാസ് (26)ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും അസാമാന്യ ഭാരം തോന്നുകയായിരുന്നു. നടത്തിയ വിശദ പരിശോധനയിൽ പാന്റ്സും അടിവസ്ത്രവും സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്ന് കണ്ടെത്തി. 1116 ഗ്രാം തൂക്കമുള്ള സ്വർണ്ണമിശ്രിതമടങ്ങിയ വസ്ത്രങ്ങളാണ് ഷാനവാസ് ധരിച്ചിരുന്നത്.

ജിദ്ദയിൽ നിന്നും എത്തിയ കോഴിക്കോട് ശിവപുരം സ്വദേശി പറയരു കുന്നുമ്മേൽ അൻസിൽ (32) മലദ്വാരത്തിലടക്കം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമിശ്രിതമടങ്ങിയ 795 ഗ്രാം തൂക്കമുള്ള മൂന്നു ക്യാപ്സൂളുകളാണ് എയർ കസ്റ്റംസ്‍ പിടിച്ചത്. ഈ മിശ്രിതത്തിൽ നിന്നും സ്വർണം പിന്നീട് വേർതിരിച്ചെടുക്കും. ഈ മൂന്നു കേസുകളിലും കസ്റ്റംസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.