പ്രീ പ്രൈമറി ജീവനക്കാരുടെ ഓണറേറിയം 14.88 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം ∙ പ്രീ പ്രൈമറി വിഭാഗത്തിലെ ജീവനക്കാരുടെ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഓണറേറിയം തുക ഇനത്തില്‍ 14 കോടി 88 ലക്ഷം രൂപ അനുവദിച്ചു. അര്‍ഹരായ ജീവനക്കാര്‍ക്ക് ഓണറേറിയം തുക മാറി നല്‍കുന്നതിനുളള നിര്‍ദേശം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കി.

പതിനയ്യായിരത്തോളം വനിതകൾ മാത്രം ജോലി ചെയ്യുന്ന പ്രീ പ്രൈമറി മേഖലയിൽ 2861 അധ്യാപകർക്കും 1970 ആയമാർക്കും മാത്രമാണു സർക്കാർ ഓണറേറിയമുള്ളത്. ബാക്കിയുള്ളവർക്കു പിടിഎ നൽകുന്ന തുച്ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. നിലവില്‍ ജീവനക്കാരുടെ സേവന ദൈര്‍ഘ്യത്തിന്‍റെ അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്ക് യഥാക്രമം 12,500 – 12,000 രൂപയും, ആയമാര്‍ക്ക് 7,500 – 7,000 രൂപ നിരക്കിലാണ് പ്രതിമാസ ഓണറേറിയം നൽകുന്നത്.

പ്രീ പ്രൈമറി ജീവനക്കാരുടെ നിശ്ശബ്ദസങ്കടങ്ങൾ കേൾക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് സൂചിപ്പിച്ച് ‘സങ്കടം മാത്രമാണ് സർ, വേതനം’ എന്ന പേരിൽ മലയാള മനോരമ വ്യാഴാഴ്ച മുഖപ്രസംഗം എഴുതിയിരുന്നു. ഓണറേറിയം തേടി വിളിച്ച അധ്യാപികയോട് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ കയർത്തു സംസാരിച്ചതിന്റെ വാർത്തയും ഓഡിയോയും മനോരമ ഓൺലൈനിലും ഉൾപ്പെടുത്തിയിരുന്നു.