ഷെയിംലസ് പീപ്പിള്‍, പൊലീസിനെതിരെ ​ഗവർണർ, കാമ്പസിലെ എസ് എഫ് ഐ ബാനറുകൾ അഴുപ്പിച്ചു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ബാനറുകള്‍ പോലീസിനെക്കൊണ്ട് ഗവര്‍ണര്‍ അഴിപ്പിച്ചു. ഇപ്പോള്‍തന്നെ ബാനറുകള്‍ അഴിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ നിങ്ങള്‍ മറുപടി പറയേണ്ടിവരുമെന്നും എസ്.പിക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി.

നിങ്ങള്‍ ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിച്ച ഗവര്‍ണര്‍, ബാനറുകള്‍ നീക്കിയില്ലെങ്കില്‍ ഇപ്പോള്‍തന്നെ അവിടെനിന്ന് പോകുമെന്ന ഭീഷണി മുഴക്കി. അങ്ങനെ ചെയ്താല്‍ നിങ്ങളായിരിക്കും അതിന്റെ ഉത്തരവാദി എന്നും എസ്.പിതന്നെ ബാനര്‍ നീക്കണമെന്നും ഗവര്‍ണര്‍ നിലപാട് സ്വീകരിച്ചു. ഇതോടെയാണ് പോലീസ് ബാനറുകള്‍ നീക്കിയത്.

ബാനറുകള്‍ നീക്കം ചെയ്യാത്തതിലുള്ള അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു ഗവര്‍ണര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയര്‍ത്തത്. റോഡിൽ ഇറങ്ങിയശേഷമാണ് ബാനർ നീക്കം ചെയ്യാൻ ഗവര്‍ണര്‍ നിർദ്ദേശിച്ചത്. ഇതിനുപിന്നാലെയാണ് ബാനറുകള്‍ നീക്കം ചെയ്തത്. എസ്പിയും മറ്റു പൊലീസുകാരും ചേർന്നാണ് ബാനറുകൾ നീക്കിയത്. സര്‍വകലാശാല കവാടത്തിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ക്കെതിരായ ബാനറുകള്‍ കാമ്പസില്‍ ഉയര്‍ത്തിയതില്‍ നേരത്തെതന്നെ ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചിരുന്നു. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടാന്‍ ഗവര്‍ണര്‍ ഞായറാഴ്ച രാവിലെതന്നെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാനറുകള്‍ നീക്കാന്‍ രാത്രിയും അധികൃതര്‍ തയ്യാറാകാതിരുന്നതോടെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നേരിട്ട് രംഗത്തിറങ്ങിയത്. എന്നാല്‍ ബാനറുകള്‍ അഴിച്ചുമാറ്റിയാല്‍ വീണ്ടും ബാനറുകള്‍ ഉയര്‍ത്തുമെന്ന നിലപാടിലാണ് എസ്എഫ്‌ഐ.