ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതേത്തുടര്‍ന്ന് സാമൂഹ്യക്ഷേമമന്ത്രാലയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. ട്രാന്‍സ്‌ജെന്റേര്‍സിന് സംവരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ ഒബിസി പട്ടികയില്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

വിദ്യാഭ്യാസം, തൊഴില്‍ അടക്കമുള്ള മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രാതിനിധ്യം നല്‍കാനാണ് നടപടികള്‍ തുടങ്ങിയത്. സാമുഹ്യക്ഷേമ മന്ത്രാലയം വിവിധതലത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ് ഈ തീരുമാനം ഉയര്‍ന്നുവന്നത്. കേന്ദ്രമന്ത്രിസഭാ യോഗം നിര്‍ദേശം അംഗീകരിച്ചതിന് ശേഷം പാര്‍ലമെന്റിന്റെ അനുവാദം തേടിയാകും തീരുമാനം നടപ്പിലാക്കുക.

നിലവില്‍ വ്യത്യസ്തങ്ങളായ നിരവധി സാമൂഹ്യപ്രശ്‌നങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അനുഭവിക്കുന്നുണ്ട്. ഒരു പട്ടികയിലും ഇവര്‍ ഉള്‍പ്പെടാത്തതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഇവര്‍ക്ക് തുണയാകുന്നില്ല. ഇതേത്തുടര്‍ന്നാണ് ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി മുഖ്യധാരയില്‍ അത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം ഒരുക്കുന്നത്.