വോട്ട് ചെയ്‌തവർക്ക് സൗജന്യമായി ഐസ്‌ക്രീമും ജിലേബിയും, ഒരേയൊരു കണ്ടീഷൻ

ഇൻഡോർ : വോട്ട് ചെയ്തവർക്ക് സൗജന്യമായി ഐസ്‌ക്രീമും ജിലേബിയും നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഒരു പ്രദേശത്തെ വ്യാപാരികൾ. മദ്ധ്യപ്രദേശിലെ ഫുഡ് ഹബ്ബായ ’56 ദുകാൻ’ കടയുടമകൾ ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. സംസ്ഥാനത്ത് മേയ് 13 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അന്ന് ‘ പോഹ, ജിലേബി, ഐസ്‌ക്രീം’ അടക്കമുള്ള ലഘു ഭക്ഷണങ്ങൾ സൗജന്യമായി നൽകുമെന്നാണ് വാഗ്ദ്ധാനം.

എന്നാൽ ആദ്യമണിക്കൂറുകളിൽ വോട്ടുചെയ്യുന്നവർക്കാണ് സൗജന്യ ഭക്ഷണം ലഭിക്കുക. വോട്ട് ചെയ്ത ശേഷം രാവിലെ തന്നെ പൗരന്മാർ കടയിലേക്ക് വരണം. തുടർന്ന് കൈയിലെ മഷി കാണിച്ചാൽ പോഹ, ജിലേബി, ഐസ് ക്രീം എന്നിവ സമ്മാനമായി നൽകും.

‘രാജ്യത്ത് വോട്ടിംഗ് ശതമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള മണ്ഡലമായി ഇൻഡോറിനെ മാറ്റണം. അതാണ് ഞങ്ങളുടെ ലക്ഷ്യം. രാവിലെ ഏഴിനും ഒൻപതിനും ഇടയിൽ എത്തുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യ പോഹയും ജിലേബിയുമൊക്കെ നൽകുക. ഈ ഓഫർ ലഭിക്കുന്നതിന്, വോട്ടർമാർ അവരുടെ വിരലിലെ മഷി അടയാളം കാണിക്കണം.’- 56 ദുകാൻ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗുഞ്ജൻ ശർമ്മ പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാണിജ്യ സ്ഥാപനങ്ങളുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. നഗരത്തിലെ മറ്റ് ചില വാണിജ്യ സ്ഥാപനങ്ങളും പല തരത്തിലുള്ള ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.