അവതാരകയോട് ബഹുമാനം മാത്രം, പിന്തുണയുമായി ഹരീഷ് പേരടി

ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയ യൂട്യൂബ് ചാനൽ അവതാരകയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. പരാതിക്കാരിയായ അവതാരക സ്‌നേഹം നിറഞ്ഞ ചോദ്യങ്ങളാണ് അഭിമുഖത്തിൽ ചോദിച്ചതെന്നും ഒരു വർഷം മുമ്പ് താനുമായി അഭിമുഖം നടത്തിയിട്ടുണ്ടെന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പരാതിക്കാരിയായ അവതാരക രണ്ട് തവണ അഭിമുഖം നടത്തിയിട്ടുണ്ടെന്നും രണ്ട് തവണയും തനിക്ക് ബഹുമാനം മാത്രമാണ് തോന്നിയതെന്നും ഹരീഷ് പേരടി പറഞ്ഞു. ഹരീഷ് പേരടി സോഷ്യൽ മീഡിയയില് പങ്കുവച്ച പോസ്റ്റ് വൈറലാണ്. മരക്കാർ സിനിമ പുറത്തിറങ്ങിയ സമയത്ത് നടത്തിയ അഭിമുഖത്തിന്റെ ലിങ്കും ഹരീഷ് പേരടി പങ്കുവച്ചിരുന്നു.

ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നടൻ അവതാരകയോട് മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ചോദിച്ച ഒരു ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടർന്നാണ് ശ്രീനാഥ് ഭാസി ഇത്തരത്തിൽ പ്രതികരിച്ചത്. തുടർന്ന് അവതാരക വനിത കമ്മിഷനും പൊലീസിനും പരാതി നൽകുകയായിരുന്നു.

അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ വന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയെന്നും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നും പരാതിക്കാരി ആരോപിക്കുന്നു.