ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം, 5 സൈനികർക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്കു നേര്‍ക്ക് ഭീകരര്‍ വെടിയുതിക്കുകയായിരുന്നു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഒരു സൈനികന്റെ നില ഗുരുതരമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ ഉദ്ദംപുറിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാര്‍ഗം എത്തിച്ചു. വ്യോമസേനാ വാഹനങ്ങള്‍ വ്യോമസേനാതാവളത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.

സംഭവത്തിന് പിന്നാലെ രാഷ്ട്രീയ റൈഫിള്‍സ് സൈനികര്‍ സ്ഥലത്തെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കൊല്ലം ഇതാദ്യമായാണ് മേഖലയില്‍ സുരക്ഷാസേനയ്ക്കു നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞകൊല്ലം സുരക്ഷാസേനയ്ക്കു നേരെ മേഖലയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു.