മലയാള സിനിമാ മേഖലയിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം, നടപടികൾ ശക്തമാക്കി, നിർമ്മാതാവ് 25 കോടിയോളം രൂപ പിഴയടച്ചെന്ന് റിപ്പോർട്ട്

കൊച്ചി: മലയാള സിനിമാ മേഖലയിലേക്കുള്ള കള്ളപ്പണ ഒഴുക്കിന് തടയിടാൻ പരിശോധനകൾ ശക്തമാക്കി ആദായ നികുതി വകുപ്പും ഇ ഡിയും. വിദേശത്തുനിന്ന് വൻതോതിൽ കള്ളപ്പണ നിക്ഷേപം സിനിമാ മേഖലയിൽ എത്തുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ആശയപ്രചാരണത്തിനുവേണ്ടിയുള്ള സിനിമകളുടെ നിർമ്മാണത്തിനുവേണ്ടിയാണ് കള്ളപ്പണം എത്തുന്നതെന്നും സൂചനകളുണ്ട്.

ഇതോടെ പുതിയ ചിത്രങ്ങളുടെ പ്രമേയങ്ങൾ അതിസൂക്ഷ്മമായി പരിശോധിക്കാനാണു ഏജൻസികൾക്ക് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശം. അഞ്ച് നിർമ്മാതാക്കളാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ ഉള്ളത്
ഇതിൽ മലയാളത്തിലെ നടൻകൂടിയായ നിർമാതാവ് വിദേശത്ത് വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്ന് നിർമ്മാണ കമ്പനി 25 കോടിയോളം രൂപ പിഴയടച്ചുവെന്നും റിപ്പോർട്ടിൽ ഉണ്ട്,

മലയാളത്തിൽ കൂടുതൽ മുതൽമുടക്ക് നടത്തിയ ഒരു നിർമാതാവിനെ ആദായ നികുതിവകുപ്പ് ചോദ്യംചെയ്തിരുന്നു. ബാക്കിയുള്ള മൂന്ന് നിർമ്മതാക്കൾക്കുകൂടി ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകി. ഇവരുടെ ചാർട്ടേട് അക്കൗണ്ടന്റുമാരുടെയും മൊഴിയെടുക്കും. വിദേശത്തുനിന്നുള്ള കള്ളപ്പണ നിക്ഷേപമുള്ള സിനിമകളുടെ നിർമാണ വേളയിലാണ് ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഏറ്റവുംകൂടുതൽ ലഹരിമരുന്ന് എത്തുന്നതെന്ന ഞെട്ടിപ്പിക്കുന്ന മൊഴിയും ‌ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിച്ചുവരികയാണ്.