പരമാനന്ദം ഹാപ്പിയിലാണ്, ലോട്ടറി കച്ചവടത്തില്‍ നിത്യവും മിച്ചം പിടിച്ച് ഉരുക്കൂട്ടിവെച്ച് ഏക മകൾ അപർണയെ ഡോക്ടറാക്കിയ പരമാനന്ദത്തിലാണ്

തിരുവനന്തപുരം . മക്കളെ പഠിപ്പിച്ച് ഉന്നതങ്ങളിൽ എത്തിക്കണമെന്ന ആഗ്രഹം ഉള്ളവരാണ് എല്ലാ മാതാപിതാക്കളും. ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ ജീവിത സ്വപ്നമാണത്. മദ്രാസ് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോ അപര്‍ണ പരമാനന്ദം സ്റ്റെതസ്‌കോപ്പുമായി രോഗികളെ ചികിത്സിക്കുമ്പോള്‍ മനസ് നിറഞ്ഞു സന്തോഷിക്കുകയാണ് ലോട്ടറിക്കച്ചവടക്കാരനായ പിതാവ് പരമാനന്ദം. തന്റെ ഉപജീ വിതോപാധിയായ ലോട്ടറി കച്ചവടത്തില്‍ നിത്യവും മിച്ചം പിടിച്ച് ഉരുക്കൂട്ടിവെച്ച കാശ് കൊണ്ടാണ് ഈ എഴുപതുകാരന്‍ ഏക മകളെ പഠിപ്പിച്ച് ഇപ്പോൾ ഡോക്ടറാക്കിയിരിക്കുന്നത്.

ആദ്യ സ്‌റ്റൈപ്പന്‍ഡില്‍ മകൾ വാങ്ങി സമ്മാനിച്ച ഫോൺ ഇന്ന് പരമാനന്ദത്തിന്റെ കൈയ്യിലുണ്ട്. മകള്‍ മിടുക്കിയായിരുന്നെന്നും എല്ലാ ക്ലാസിലും ഫസ്റ്റാണെന്നും പരമാനന്ദം പറഞ്ഞു. ഇത് പറയുമ്പോള്‍ പരമാനന്ദത്തിന്റെ മുഖത്തുള്ള സന്തോഷം ഒന്ന് വേറെ. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി വഴുതക്കാട് പരീക്ഷ ഭവന് സമീപം ലോട്ടറി വില്‍പന നടത്തി വരുകയാണ് പരമാനന്ദം.

പരമാനന്ദം തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിയാണ്. 80കളുടെ തുടക്കത്തിലാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്. ഇടുക്കിയിലെ ഒരു തോട്ടത്തില്‍ പണിക്കെത്തിയ പരമാനന്ദം ജഗതി സ്വദേശിയായ യശോദയെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് തലസ്ഥാനത്ത് സ്ഥിരതാമസമാക്കി. 1992 കാലത്താണ് വഴുതക്കാട് വിഘ്‌നേശ്വര ലോട്ടറി ഏജന്‍സി എന്ന കട പരമാനന്ദം തുടങ്ങുന്നത്.

മദ്യപാനവും പുകവലിയും പരമാനന്ദത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ജീവിതത്തിലേക്ക് പുതിയ സന്തോഷമായി മകള്‍ കടന്നുവന്നതിൽ പിന്നെ തനിക്ക് ഒരു ഷര്‍ട്ട് വാങ്ങുന്നതിന് പകരം ആ കാശ് മകളുടെ പഠനത്തിനായി മാറ്റിവെക്കുകയായിരുന്നു പതിവ്. മകളുടെ പഠനത്തിനായി ലോട്ടറി ക്ഷേമ ബോര്‍ഡ് ധനസഹായവും നല്‍കി. കഠിനാധ്വാനത്തിലൂടെ അപര്‍ണ വിദ്യാഭ്യാസ അവര്‍ഡുകളും സ്‌കോളര്‍ഷിപ്പും നേടി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് ഭാര്യയും പരമാനന്ദത്തിനു സഹായമായി ഒപ്പം കൂടി.

മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടറെന്ന മോഹം മനസില്‍ ഉദിച്ചതെന്ന് മകൾ അപര്‍ണ പറയുന്നു. ലക്ഷക്കണക്കിന് പേര്‍ എഴുതിയ പരീക്ഷയില്‍ അപര്‍ണയ്ക്ക് മെരിറ്റില്‍ സീറ്റ് ലഭിക്കുകയായിരുന്നു.. പിന്നീട് എം ഡി പഠനത്തിനായി ഭോപ്പാല്‍ എയിംസില്‍ മെരിറ്റില്‍ സീറ്റ് കിട്ടി. ഭര്‍ത്താവ് ഡോ സുസുവന്‍ മിത്രയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്.