കുഞ്ഞുമുഹമ്മദ് മരിച്ചത് കുഴിയില്‍ വീണല്ല, ഷുഗര്‍ മൂലമെന്ന് സര്‍ക്കാര്‍; മരിച്ചയാളെ അപമാനിക്കരുതെന്ന് ഹൈക്കോടതി

ആലുവ പെരുമ്പാവൂര്‍ റോഡില്‍ കുഴിയില്‍ വീണുണ്ടായ അപകടത്തെത്തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് എന്ന യാത്രികന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത് വിചിത്രവാദം. കുഞ്ഞുമുഹമ്മദിന് പ്രമേഹമുണ്ടായിരുന്നത് കൊണ്ടാണ് മരിച്ചതെന്നും അല്ലാത കുഴിയില്‍ വീണതല്ല മരണകാരണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്്. എന്നാല്‍ മരിച്ചയാളെ അപമാനിക്കരുതെന്നാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയ മറുപടി. പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക് അടക്കം അതിരൂക്ഷമായ വിമര്‍ശനമാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്. ഈ ഘട്ടത്തിലാണ് ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞുമുഹമ്മദിന്റെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്.

ഓഗസ്റ്റ് 20-നാണ് സംഭവമുണ്ടായത്. അന്ന് കുഞ്ഞുമുഹമ്മദിന്റെ മകന്റെ മൊഴി, പോലീസ് ആശുപത്രിയില്‍ എത്തി എടുത്തിരുന്നതായി സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. കുഞ്ഞുമുഹമ്മദിന് പ്രമേഹരോഗം ഉണ്ടായിരുന്നതായും ഷുഗര്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് മകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് എന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

അതേസമയം കുഞ്ഞുമുഹമ്മദിന്റെ കുടുംബം സര്‍ക്കാരിന്റെ നിലപാട് തള്ളി. റോഡിലെ കുഴിയില്‍ വീണുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് വിശ്വസിക്കുന്നതായി കുഞ്ഞുമുഹമ്മദിന്റെ മകന്‍ മാധ്യമങ്ങളോട് പ്രതകരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ മരണകാരണം ഷുഗര്‍ അല്ല. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടറാണ് തങ്ങളോടു പറഞ്ഞത്. തലയുടെ ഇടതുമുന്‍ഭാഗം ഇടിച്ചാണ് വീണത്. മരിക്കുന്നിടംവരെ ഇടത് കണ്ണ് തുറക്കാന്‍ സാധിച്ചിരുന്നില്ല. തലയില്‍ ഏറ്റ ക്ഷതം കൊണ്ടാണ് മരിച്ചതെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും മകന്‍ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചത് ഞെട്ടലുണ്ടാക്കി. ഇത്തരം അപകടം ഉണ്ടാകുമെന്ന് ഭയപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളിൽ എത്ര പേർ മരിച്ചുവെന്ന് പറയണം. ഇത് സംബന്ധിച്ച കളക്ടറുടെ റിപ്പോർട്ട് എവിടെ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ആലുവ പെരുമ്പാവൂർ റോഡ് തകർന്നതുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

കുഴികണ്ടാൽ അടയ്ക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്. എൻഞ്ചിനീയർമാർ എന്താണ് പിന്നെ ചെയ്യുന്നത്. ഇത്തരം കുഴികൾ എങ്ങനെയാണ് അവർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്. തൃശ്ശൂർ കുന്ദംകുളം റോഡ് കേച്ചേരി കഴിഞ്ഞാൽ ഭയാനക അവസ്ഥയിലാണെന്നും കോടതി ഓർമ്മിപ്പിച്ചു. ആലുവ പെരുമ്പാവൂർ റോഡിന്റെ എഞ്ചിനീയർ ആരായിരുന്നുവെന്ന് ചോദിച്ച കോടതി എഞ്ചിനീയർ നേരിട്ട് ഹാജരാകണമെന്നും ആവശ്യപ്പെട്ടു. എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാരെന്നും കോടതി ചോദിച്ചു.