ഈ ചെറിയ സംസ്ഥാനത്ത് ഇങ്ങനെയാണേൽ കേന്ദ്ര ഭരണം കിട്ടിയാൽ എന്താവും സ്ഥിതി?

തിരുവനന്തപുരം. കേരളം പോലൊരു ചെറിയ സംസ്ഥാനത്തിൽ അധികാരമുപയോഗിച്ച് അഴിമതി നടത്താൻ ഇത്രയൊക്കെ ക്രമക്കേടുകളും നിയമനിർമാണവും കൊണ്ടുവരുന്ന ഇടത് സർക്കാർ കേന്ദ്രത്തിൽ അധികാരത്തിന് അടുത്തെത്തിയാൽ ഭരണഘടനയെ തന്നെ ഇല്ലാതാക്കി സ്റ്റാലിൻ -ഉത്തര കൊറിയൻ മോഡൽ നടപ്പാക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

സർവകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകർക്കാനും സർക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ സർക്കാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അതു ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാടാണ്. ലോകായുക്ത ഭേദഗതി ബില്ലിലൂടെയുള്ള അമിതാധികാര പ്രവണതയെ ഘടകകക്ഷികളെങ്കിലും ചോദ്യം ചെയ്യണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ജനങ്ങൾ അക്കാര്യം ഏറ്റെടുക്കും. കെ.സുരേന്ദ്രൻ മുന്നറിയിപ്പു നൽകി

‘എല്ലാ സർവകലാശാലകളിലും പിൻവാതിലിലൂടെയും അധികാര ദുർവ്യയത്തിലൂടെയും സ്വന്തക്കാരെ തിരുകിക്കയറ്റുകയും അഴിമതിയും ക്രമക്കേടും നടത്തുകയും ചെയ്തു വരുന്ന ഇടതു സർക്കാർ, സ്വന്തം അഴിമതിക്കെതിരെ ചെറിയ പ്രതികരണം പോലും വരാതിരിക്കാനാണ് ഗവർണറുടെ ചിറകരിയാൻ നിയമ നിർമാണം കൊണ്ടുവരുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫെഡറലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവർ, അഴിമതി നിർബാധം നടത്താനായി എല്ലാ പഴുതുകളും അടയ്ക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തുകയുണ്ടായി.