സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി സിബിഐക്ക് ഏഴ് മാസത്തിനിടെ നല്‍കിയത് രണ്ട് മൊഴികളും പരസ്പര വിരുദ്ധം

തിരുവനന്തപുരം. ക്ലിഫ് ഹൗസില്‍വെച്ച് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി സിബിഐയ്ക്ക് ഏഴ് മാസത്തിനിടെ നല്‍കിയത് രണ്ട് മൊഴികള്‍. ഇവ രണ്ടും പരസ്പര വിരുദ്ധമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയും സ്റ്റാഫും മറ്റ് സന്ദര്‍ശകരും ഉള്ളപ്പോഴാണ് പിഡനം നടന്നതെന്നും പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു. ഇതില്‍ പീഡനത്തിന് ദൃക്‌സാക്ഷികള്‍ ഉള്ളതായി പറഞ്ഞിരുന്നില്ല.

എന്നാല്‍ പിന്നീട് പരാതിക്കാരി നല്‍കിയ മൊഴിയില്‍ പിസി ജോര്‍ജ് പീഡനം കണ്ടുവെന്ന് മൊഴി തിരുത്തി. അടച്ചിട്ട മുറിയുടെ വാതില്‍ തള്ളി തുടറന്ന് വന്നപ്പോള്‍ പിസി ജോര്‍ജ് പീഡനം കണ്ടുവെന്നാണ് മൊഴി. മൊഴികളിലെ വൈരുധ്യവും സാക്ഷികളായി പരാതിക്കാരി പറഞ്ഞവരടക്കം നിഷേധിച്ചതും ശാസ്ത്രീയ പരിശോധന ഫലവുമാണ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതില്‍ നിര്‍ണായകമായത്.

ആദ്യം 2021ല്‍ സിബിഐയിലെ വനിതാ ഇന്‍സ്‌പെക്ടര്‍ മൂന്ന് ദിവസങ്ങളിലായി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് 2022 ഏപ്രിലില്‍ നല്‍കിയ മൊഴിയാലാണ് പീഡനത്തിന് ദൃക്‌സാക്ഷിയുണ്ടെന്ന് പരാതിക്കാരി പറയുന്നത്. അതേസമയം പീഡന ആരോപണം അടിസ്ഥാന പരിഹമാണെന്നാണ് പിസി ജോര്‍ജിന്റെ മൊഴി.