24 മണിക്കൂറിനിടെ 15,000ലേറെ കേസുകള്‍, രാജ്യത്ത് കോവിഡ് കുതിക്കുന്നു

രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15413 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 410461 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 13254 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 169451 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 227756 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പതുതായി രോഗം സ്ഥിരീകരിച്ചത് 3874 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 128205 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 160 പേരാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5984 ആയി ഉയര്‍ന്നു.

അതേസമയം രാജ്യതലസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം 56746 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77 പേരാണ് ഡല്‍ഹിയില്‍ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 2112 ആയി.