ജയരാജന്‍ ദല്ലാള്‍ നന്ദകുമാർ കൂട്ടുകെട്ട്, സിപിഎമ്മിനെതിരെ സിപിഐ

കോഴിക്കോട്: ദല്ലാള്‍ നന്ദകുമാറുമായുള്ള ഇടതു മുന്നണി കണ്‍വീനര്‍ എം.വി. ജയരാജന്റെ കൂട്ടുകെട്ടിൽ സിപിഎമ്മിനെതിരെ സിപിഐ. കമ്പോള മേധാവിത്വം രാഷ്‌ട്രീയത്തില്‍ പിടി മുറുക്കുമ്പോഴാണ് ദല്ലാളന്മാര്‍ പന പോലെ വളരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. അത്തരക്കാരുടെ കരു നീക്കങ്ങള്‍ക്കെതിരെ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പാലിക്കണം.

കമ്യൂണിസ്റ്റ് മൂല്യങ്ങളെപ്പറ്റി അണികളെ പഠിപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയാറാക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ഇ.പി. ജയരാജന്‍ പ്രകാശ് ജാവ്‌ദേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഞാനും കണ്ടു, പിന്നീടാണ് അതാണ് ജാവ്‌ദേക്കറെന്ന് മനസ്സിലായതെന്നും ഗോവിന്ദന്‍ പറഞ്ഞു.

എന്നാൽ ഇപിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ് എന്നായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം. ഇ.പി. ജയരാജന്‍ പ്രകാശ് ജാവ്‌ദേക്കറെ കണ്ടതിൽ തെറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ കൂട്ടുകെട്ടിനെ വിമർശിക്കുകയുണ്ടായി. ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.