കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദം, കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം; ജസ്ല മാടശ്ശേരി

താലിബാനിസത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊണ്ടുള്ള യുവവൈന്റെ വീഡിയോയ്‌ക്കെതിരെ ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരി. കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദമാണിതെന്നും കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം എന്നും ജസ്ല ഫേസ്‌ബുക്കില്‍ കുറിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെ ന്യായികരിക്കുന്ന ഒരു മലയാളിയുടെ പ്രഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

‘കേരളത്തിലെ താലിബാന്‍ പ്രതിനിധിയുടെ ശബ്ദം. കേള്‍ക്കണം. മനസ്സിലാക്കണം. കേരളത്തിലും ഇമ്മാതിരി വര്‍ഗ്ഗീയ മത വാദികള്‍ ഉണ്ടെന്നത് കണ്ണ് തുറന്ന് കാണണം. കുറിച്ച്‌ വെച്ചോളൂ. ഇത്തരം പാസീവ് സെല്‍സ് അപകടമാണ്’, വീഡിയോ പങ്കുവെച്ച്‌ കൊണ്ട് ജസ്ല ഫേസ്‌ബുക്കില്‍ കുറിച്ചു.

താലിബാന്‍ അധിനിവേശത്തെ ‘വിസ്മയമാക്കി’ പ്രചരിപ്പിക്കുന്ന മലയാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഒപ്പം ചൂഷകരായ ഒരു സമ്ബത്ത് വ്യവസ്ഥയ്‌ക്കെതിരെ ഒരു പുതിയ ലോകം കെട്ടിപൊക്കുന്നവരാണ് താലിബാനെന്നും യുവാവ് പറയുന്നു. ഇസ്ലാമിക ലോകം അടുത്തെത്തിയിരിക്കുന്നു എന്നതരത്തിലുള്ള വാക്കുകള്‍ക്കാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കേരളത്തില്‍ താലിബാനിസ്റ്റുകള്‍ ഉണ്ടെന്ന ഏറ്റവും അടുത്ത തെളിവാണ് അദ്ദേഹത്തിന്റെ ഈ വീഡിയോ സൂചിപ്പിക്കുന്നത്.

വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍…

അഫഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാം, ജോലിക്ക് പോകാം .എന്നാല്‍ ഞങ്ങളുടെ പേരില്‍ കല്ലുവെച്ച നുണകളാണ് മാധ്യമങ്ങള്‍ പങ്കുവെക്കുന്നത്. സ്ത്രീകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ഉണ്ട്. പുറത്തിറങ്ങുമ്പോള്‍ ഹിജാബ് ധരിക്കണെമെന്ന് മാത്രം. താലിബാന്‍ എന്നത് ഒരു ഭീകര സംഘടനയാണെന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. മുസ്ലിംങ്ങളടക്കം ഇത് വിശ്വസിക്കുന്നു. എന്നാല്‍ അവിടെ ആളുകള്‍ പട്ടിണികിടന്ന് മരിക്കുന്നതോ, അമേരിക്കയുടെ അധിനിവേശം നടത്തിയിട്ടും , പരസ്പരം യുദ്ധം ചെയ്ത് മരിക്കുന്നതോ അല്ല മാധ്യമങ്ങള്‍ക്ക് വിഷയം . സ്ത്രീകള്‍ തലമറയ്ക്കുന്നതോ, മദ്യം നിരോധിക്കോ ,ഡാന്‍സ്ബാറുകള്‍ നിരോധിക്കോ, വ്യഭിചാരം നിരോധിക്കുകയോ.. സിനിമ എന്ന ആഭാസം നിരോധിക്കുമോയെന്ന ആശങ്കകളാണ് മാധ്യമങ്ങള്‍ക്കുള്ളത്.

താലിബാന്‍ ഒരിക്കലും അധികാരത്തിന് വേണ്ടി കൊന്നൊടുക്കിയ ചരിത്രമില്ല. അവിടെയുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ രക്ഷിക്കുക എന്നതാണ് താലിബാന്റെ പ്രധാന ലക്ഷ്യം. എത്ര മനോഹരമായിട്ടാണ് താലിബാന്‍ അഫ്‌ഗാന്‍ കീഴടക്കിയത്. ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റെ നാളുകളാണ്. വളരെ സമാധാനത്തോടും പരിഹാസ രൂപേണയുമാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിച്ചത് ഏറെ ഗൗരവമുള്ളതാണ്. മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.