ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കുമേല്‍ ട്രെയിന്‍ ഇടിച്ചുകയറി അപകടം,12പേർ മരിച്ചതായി റിപ്പോർട്ട്

ദില്ലി: ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് വൻ അപകടം. സംഭവത്തില്‍ 12പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം.

രണ്ടു പേരുടെ മരണമാണ് ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചതെങ്കിലും 12പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തേക്ക് പോവുകയാണെന്നും മരണ സംഖ്യ സംബന്ധിച്ചോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ലെന്ന് ജംതാര ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇന്ന് രാത്രിയോടെ ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് അപകടമുണ്ടായത്.

യാത്രക്കാര്‍ സഞ്ചരിച്ച ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് കേട്ട് റെയില്‍വെ ട്രാക്കിലേക്ക് യാത്രക്കാര്‍ ചാടുകയായിരുന്നു. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ ട്രാക്കിലൂടെ വരുകയായിരുന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇവരെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.