ഉത്രയുടെ മരണം അഞ്ചല്‍ നിവാസികള്‍ കൊലപാതകമായി അംഗീകരിക്കില്ല, കാരണം അവരുടെ അന്ധവിശ്വാസം, തുറന്ന് പറഞ്ഞ് ജോമോള്‍ ജോസഫ്

ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭര്‍ത്താവ് സൂരജ് കൊലചെയ്തത് ഏവരെയും ഞെട്ടിച്ച സംഭവമാണ്. ഉത്രയുടെ നാടായ അഞ്ചലില്‍ പാമ്പുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറയുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കിട്ടാണ് ജോമോള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

പാമ്പും വിശ്വാസവും, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ അഞ്ചലിലെ മാര്‍ബിള്‍, ഗ്രാനൈറ്റ്‌സ് ആന്റ് ടൈല്‍സ് ഷോറൂമിന്റെ കണ്‍സ്ട്രക്ഷന്‍ കറാറെടുത്ത് ചെയ്യുന്ന സമയം. പണികള്‍ അവസാനഘട്ടത്തിലെത്തി, ഫിനിഷിങ് ജോലികള്‍ നടക്കുന്ന സമയം. സന്ധ്യയായപ്പോള്‍ വര്‍ക്ക് സൈറ്റില്‍ പാമ്പിനെ കാണുന്നു, നല്ല വിഷമുള്ള അണലിയാണ്. ഷോറൂമിന്റെ ഓണര്‍ പാമ്പിനെ കൊല്ലാമെന്ന് പറഞ്ഞപ്പോള്‍, അവിടെ ജോലിചെയ്യുന്ന സ്ത്രീകളടക്കമുള്ള ജീനവനക്കാര്‍ പാമ്പിനെ കൊല്ലാന്‍ സമ്മതിക്കുന്നില്ല. അവര്‍ വിശ്വാസത്തെ കൂട്ടുപിടിക്കുന്നു, ഒപ്പം തന്നെ ഇന്ന് ശിവരാത്രിയാണ്, പാമ്പിനെ ശിവവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് അവരെതിര്‍ക്കുന്നത്. എന്നാല്‍ ഷോറൂമിന്റെ ഓണര്‍ അതിനെ കൊല്ലാമെന്ന് തീരുമാനിച്ചു, ഒരു വടിയുമായി വന്ന് പാമ്പിനെ അടിച്ചു കൊന്നു. പാമ്പിനെ കൊന്നതോടെ പലമുഖങ്ങളിലും വിഷമം തെളിഞ്ഞു വരുന്നു. പിന്നീടും ഇവരെയൊക്കെ കാണുമ്പോള്‍ പലപ്പോഴും അവരൊക്കെ ‘നിങ്ങള്‍ പാമ്പിനെ കൊന്നില്ലേ’ എന്ന പരിഭവം ആവര്‍ത്തിച്ചു പറയുന്നു.

ഇതിപ്പോള്‍ പറഞ്ഞതിന് കാരണമുണ്ട്. ഇതേ അഞ്ചലില്‍ വെച്ച് തന്നെയാണ് പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെടുന്നത്. ഉത്രയെ കൊല്ലണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പാമ്പിനെ കൊണ്ടുവന്ന് ഉത്രയെ ബോധം കെടുത്തിയ ശേഷം കടിപ്പിച്ച് കൊല്ലുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ആ പ്രദേശത്തുള്ള ചിലരെങ്കിലും ഇപ്പോഴും ഇതൊരു കൊലപാതമാണ് എന്നംഗീകരിക്കാന്‍ തയ്യാറാകും എന്നു തോന്നുന്നില്ല. കാരണം പാമ്പുമായി ബന്ധപ്പെടുത്തി പല അന്ധവിശ്വാസങ്ങളും ഉള്ളവരാണ് ഇവര്‍. ആ അന്ധവിശ്വാസത്തിന് ശക്തിപകരുന്നതാകും അവരെ സംബന്ധിച്ചിടത്തോളം ഉത്രയുടെ മരണം.

സര്‍പ്പദോഷമുള്ള കുട്ടിയായതുകൊണ്ടാണ് ആദ്യം അണലിയും പിന്നീട് മൂര്‍ഖന്‍പാമ്പും കടിച്ചതെന്ന വാദമേ അവരുടെ ചിന്തകളില്‍ ആദ്യം കടന്നുവരൂ. ഇത്തരമൊരു വാദത്തില്‍ വിശ്വസിക്കുന്നവര്‍ പ്രശ്‌നം വെച്ച് നോക്കിക്കുകയും, രണ്ടാം തവണയും കടിയേറ്റ കുട്ടിക്കും, അവരുടെ മാതാപിതാക്കള്‍ക്കും സര്‍പ്പദോഷമുണ്ട് എന്നും, ഇതിന് പരിഹാരമായി സര്‍പ്പത്തെ കുടിയിരുത്താനായി ഒരു സര്‍പ്പക്കാവ് ഉയരേണ്ട ബാധ്യത ഉത്തരയുടെ കുടുംബത്തിന് വരികയും ചെയ്യും. കാരണം ഇതൊരു വിശ്വാസമാണ്, വിശ്വാസമെന്നതിലുപരി കടുത്ത അന്ധവിശ്വാസമാണ്. പാമ്പിനെ ഉപദ്രവിച്ചാല്‍ പാമ്പ് എത്ര കാലം കഴിഞ്ഞാലും പകവീട്ടാനായി വരും, ആ പക പാമ്പിന്റെ തലമുറകളിലൂടെ പകര്‍ന്ന് മനുഷ്യരുടെ പുതുതലമുറകളിലെ ആളുകളിലേക്ക് വരെയെത്തിനില്‍ക്കുന്ന തരത്തില്‍ ഡിസൈന്‍ ചെയ്യപ്പെട്ട ഒരു കടുത്ത അന്ധവിശ്വാസം. പാമ്പിനെ പേടിയുള്ള ബഹുഭൂരിപക്ഷം ആളുകളും ഈ അന്ധവിശ്വാസത്തിനൊപ്പം മാത്രമേ നില്‍ക്കൂ, അതിപ്പോള്‍ വിദ്യാഭ്യാസം നേടിയവരായാലും സര്‍പ്പവിശ്വാസമില്ലാത്തവരായാലും, പാമ്പിനെ പേടിയുള്ളവര് പൊതുവായി തന്നെ സര്‍പ്പകോപത്തെ അംഗീകരിച്ചേക്കാം.

ഉത്രയുടെ മരണം സര്‍പ്പകോപം കൊണ്ടല്ല മറിച്ച് ഉത്രയെ കൊലപ്പെടുത്താനായി ഉത്രയുടെ ഭര്‍ത്താവ് പ്ലാന്‍ചെയ്ത് നടപ്പിലാക്കിയ പദ്ധതിയിലെ അയാള്‍ തിരഞ്ഞെടുത്ത ഒരു ടൂള്‍ മാത്രമാണ് ഉത്രയെ കടിച്ച പാമ്പ് എന്നത് ഇത്തരമൊരു വിശ്വാസത്തിന്റെ കടക്കലാണ് കോടാലിയായി മാറുന്നത്. ഇവിടെ വേണ്ടത് മക്കളിലേക്കോ യുവതലമുറയിലേക്കോ അടുത്ത തലമുറയിലേക്കോ പകരുന്ന അറിവുകള്‍ ശാസ്ത്രീയ അടിത്തറയുള്ളതാണോ എന്ന പരിശോധനയാണ്. പാമ്പിനെ സംബന്ധിച്ചായാലും പല്ലിയെ സംബന്ധിച്ചായാലും ലോകത്തിലുള്ള എന്തിനെ സംബന്ധിച്ചായാലും നമ്മുടെ മക്കളോട് നമ്മള്‍ പങ്കുവെക്കുന്ന, അവരിലേക്ക് നമ്മള്‍ കൈമാറുന്ന അറിവുകള്‍ ശാസ്ത്രീയ അടിത്തറയുള്ളതാകണം. അങ്ങനെയായാല്‍ മാത്രമേ പല അന്ധവിശ്വാസങ്ങളില്‍ തെറ്റായ അറിവുകളില്‍ നിന്നും നമ്മുടെ കുട്ടികളെ വിമുക്തരാക്കാന്‍ സാധിക്കൂ. അതിനായി ശാസ്ത്രീയ അടിത്തറയിലേക്ക് നമ്മള്‍ മാറേണ്ടതുണ്ട്.

ശാസ്ത്രീയ അടിത്തറയിലേക്ക് നമ്മെ നയിക്കുന്നത് ചോദ്യങ്ങളാണ്, സ്വയം ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്നും, പരിസരങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്ന ചോദ്യങ്ങളില്‍ നിന്നും, ആ ചോദ്യങ്ങള്‍ക്ക് കണ്ടെത്തുന്ന ഉത്തരങ്ങളില്‍ നിന്നും തന്നെയാണ് സയന്‍സിന്റെ, ശാസ്ത്രത്തിന്റെ വളര്‍ച്ച. (എന്നാല്‍ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും ആഗ്രഹിക്കുന്നില്ല.) കുട്ടികള്‍ ചോദ്യം ചോദിക്കാന്‍ പഠിക്കട്ടെ, ചോദ്യങ്ങളില്‍ നിന്നും നമുക്കവരെ തടയാതിരിക്കാം. പുതിയ വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് എല്ലാ കൊച്ചുകൂട്ടുകാര്‍ക്കും സ്വാഗതം.

https://www.facebook.com/photo.php?fbid=2702297150094370&set=a.1492155887775175&type=3&theater